പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഐഎം
പ്രഖ്യാപനം അടുത്തയാഴ്ച നടത്താനാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്താന്‍ ജില്ലാ കമ്മിറ്റികളോട് സിപിഐഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.ചേലക്കരയില്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില് മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. മണ്ഡലത്തിലെ സിപിഐഎം, ഡിവൈഎഫ്‌ഐ പരിപാടികളിലും എല്‍ ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരിപാടികളിലും പ്രദീപ് കഴിഞ്ഞ കുറച്ചു ദിവസമായി സജീവമാണ്.
സിപിഐഎം, ഡിവൈഎഫ്‌ഐ പരിപാടികളില് പാര്ട്ടി നേതാവെന്ന നിലയ്ക്കും തദ്ദേശ സ്ഥാപനങ്ങളിലെ പരിപാടികള്‍ക്ക് പട്ടികജാതി-വര്‍ഗ കോര്‍പ്പറേഷന് ചെയര്‍മാന്‍ എന്ന നിലയ്ക്കുമാണ് പ്രദീപ് പങ്കെടുക്കുന്നത്. തങ്ങളുടെ പരിപാടികളില്‍ പ്രദീപിനെ പങ്കെടുപ്പിക്കാന് വിവിധ സംഘടന ഘടകങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.
2016-21 കാലഘട്ടത്തില് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു പ്രദീപ്. എല്‍ഡിഎഫ് സ്ഥാനാര്ത്ഥിയായി യുആര്‍ പ്രദീപ് വന്നപ്പോള് വിജയിച്ചത് 10,200 വോട്ടിനായിരുന്നു. 2021ല് സിറ്റിങ് എംഎല്എയായിരുന്ന പ്രദീപിനെ മാറ്റി വീണ്ടും കെ രാധാകൃഷ്ണനെ മത്സരിപ്പിക്കുകയായിരുന്നു.ഇപ്പോള്‍ ആലത്തൂര്‍ എംപിയായി കെ രാധാകൃഷ്ണന് മാറിയതോടെയാണ് മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.