കോഴ ആരോപണം: അന്വേഷണ കമ്മീഷനെ നിയമിച്ച് എന്‍സിപി
തോമസ് കെ. തോമസ് എംഎല്‍എയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നാലംഗ കമ്മീഷനെ നിയമിച്ചു. എന്‍.സി.പി. (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഡ്വ. പി.എം. സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ജോബ് കാട്ടൂര്‍, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. രാജന്‍ എന്നിവരടങ്ങുന്ന നാലംഗ സമിതിയെ 10 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ചുമതലപ്പെടുത്തിയതായി എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു.
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്.
കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.