ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത് :”വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയില്ല, ഒന്നും മറച്ചുവെക്കാനില്ല”
തനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ മറുപടിക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശവിരുദ്ധ പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും സ്വർണക്കടത്ത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറല്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും സാങ്കേതിക പ്രശ്നം പറഞ്ഞ് വിവരങ്ങൾ അറിയാക്കാതിരിക്കാൻ കഴിയില്ല എന്നുൾപ്പെടെ കത്തിൽ പരാമർശമുണ്ടായിരുന്നു. ഇതിൽ, അതേഭാഷയിൽ മുഖ്യമന്ത്രി ഇന്ന് മറുപടി നൽകുകയാണ് ചെയ്തത്. തനിക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. സ്വർണക്കടത്തു തടയലുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്നും അതിനായി ഗവർണർ സമ്മർദം ചെലുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.