കണ്ണൂർ മാച്ചേരിയിൽ രണ്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസ് : ബി ജെ പി പ്രവർത്തകർക്ക് 20 വർഷം തടവും 2,30,000 രൂപ പിഴയും
കണ്ണൂർ മാച്ചേരി വാണിയംചാലിലെ രണ്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ ബി ജെ പി പ്രവർത്തകർക്ക് തടവും പിഴയും വിധിച്ചു.ബോംബെറിഞ്ഞും ഇരുമ്പ് വടികൊണ്ടും ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ രണ്ട് ബിജെപി പ്രവർത്തകരെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം തടവിനും 2,30,000 രൂപ പിഴയടക്കാനും മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ ജോസാണ് ശിക്ഷിച്ചത്.
ചക്കരക്കൽ പോലീസ് ചാർജ് ചെയ്ത കേസിൽ ബിജെപി പ്രവർത്തകരായ മാച്ചേരി അയ്യപ്പൻ മലയിലെ ചടയൻ വീട്ടിൽ സി ലെനീഷ്( 32) മാച്ചേരിയിലെ മഞ്ഞുകുന്നുമ്മൽ വീട്ടിൽ വി സജേഷ് (44) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതിയായ കോട്ടാണിശ്ശേരിയിലെ എ റിജേഷിനെ (43) കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെൻറ് പ്ലീഡർ അഡ്വ: രൂപേഷ് ഹാജരായി.
2013 സെപ്റ്റംബർ 22ന് ഗോവയിൽ പോയി തിരിച്ച് രാത്രി പതിനൊന്നരയോടെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളായിരുന്ന വാണിയംചാലിലെ നരേന്ദ്രൻറെ മകൻ വി സി ആദർശ് (28), സുഹൃത്ത് പ്രഹീഷ്(30) എന്നിവരെ ആക്രമിക്കുകയും, ഇവരുടെ ബൈക്ക് പ്രതികൾ തകർക്കുകയും ചെയ്‌തു. ഇരുവരെയും ബോംബെറിഞ്ഞു ഇരുമ്പ് വടികൊണ്ട് അടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് കേസ്.
പോലീസ് ഓഫീസർമാരായ ഷാജി പട്ടേരി, കെ രാജീവ് കുമാർ, ദിനേശൻ,സതീശൻ ,ഡോക്ടർ പി സച്ചിദാനന്ദൻ ഡോക്ടർ രാം മോഹൻ, വില്ലേജ് ഓഫീസർ കെ രാജീവൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. ഐപിസി 324, 326 ,5 ആൻഡ് 6 ഈസി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.