എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വില്ലനായി ക്യാമറകൾ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം പ്രരംഭ ഘട്ടത്തിൽ, എന്നാൽ സംഘത്തെ കുഴച്ച് സിസിടിവി ക്യാമറകൾ. കണ്ണൂരിലെ യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ ഡ്രൈവർ ഷംസുദ്ധീൻ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലാക്കാൻ കൊണ്ടുപോയെങ്കിലും അദ്ദേഹം വഴിയിൽ ഇറങ്ങുകയാണ് ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു.എന്നാൽ അവിടങ്ങളിൽ ഒന്നും CCTV കൾ ഉണ്ടായിരുന്നില്ല, തിരികെ ഓട്ടോറിക്ഷയിൽ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ വന്നിറങ്ങിയ സ്ഥലത്തും സിസിടിവി ഇല്ല. നവീൻ വന്നിറങ്ങിയ ഓട്ടോറിക്ഷയെകുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടുപിടിക്കാനും സാധിച്ചിട്ടില്ലായെന്നുള്ളതും സംഘത്തിന് വെല്ലുവിളിയാണ്.
യാത്രയയപ്പ് യോഗത്തിന് ശേഷം അല്പസമയം തന്റെ ക്യാബിനിൽ ഇരുന്ന നവീൻ തനിക്കു ലഭിച്ച ഉപഹാരങ്ങൾ ഒന്നും എടുക്കാതെ ഔദ്യോഗിക വാഹനത്തിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. വഴിയിൽവെച്ച് കാറിൽ നിന്നിറങ്ങിയ നവീനോട് കാത്തുനിൽക്കണോ എന്ന ഡ്രൈവറുടെ ചോദ്യത്തിന് ‘വേണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അവിടെ നിന്നാണ് ഒരു ഓട്ടോയിൽ കയറി നവീൻ പോകുന്നത്.
പത്തംഗസംഘമാണ് എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്നത്. ടൌൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മരണത്തിൽ സഹോദരൻ കെ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളുടെയും നവീനിന്റെ സഹപ്രവർത്തകരുടെയും വിശദമായ മൊഴിയെടുക്കാനായി സംഘം പത്തനംതിട്ടയിലേക്ക് ഇന്ന് തിരിക്കാനിരിക്കുകയാണ്. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയും ഇതിനകം തന്നെ രേഖപ്പെടുത്തും.