പോത്തുകല്ല് ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിൽ ശബ്ദം; ആശങ്ക വേണ്ടെന്ന് ജിയോളജി വിഭാഗം

0

പോത്തുകല്ല് ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി ശബ്ദം ഉണ്ടാകുന്നതിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വിഭാഗം.സ്ഥലം സന്ദർശിച്ച ജില്ലാ ജിയോളജി, ദുരന്ത നിവാരണ വിഭാഗമാണ് ആശങ്കപ്പെടാനില്ലന്ന് പ്രാഥമികമായി വിലയിരുത്തിയത്.ആനക്കല്ല് കുന്നുമ്മലിൽ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടത്. തുടർന്ന് നാട്ടുകാർ വീടിന് പുറത്തിറങ്ങി. വീടുകൾക്ക് വിള്ളലും അനുഭവപ്പെട്ടിരുന്നു.തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ജില്ലാ ജിയോളജിസ്റ്റ് റീനാ നാരായണൻ, ദുരന്ത നിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് ടി.എസ്. ആതിഥ്യ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഹജീഷ് തുടങ്ങിയവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. വിള്ളൽ കണ്ടെത്തിയ വീടുകൾ, കുഴൽക്കിണറുകൾ, കിണർ എന്നിവ സംഘം പരിശോധിച്ചു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റിപ്പോർട്ട് കളക്ടർക്ക് കൈമാറും. പ്രദേശത്ത് നിരവധി തവണ ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി ശബ്ദങ്ങൾ ഉണ്ടായെങ്കിലും അധികൃതർ ഗൗരവമായി കാണുന്നില്ലെന്ന് പ്രദേശവാസികൾക്ക് ആക്ഷേപമുണ്ട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താത്തതിലും നാട്ടുകാർക്ക് അമർഷമുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *