തേയ്മാനത്തെ തുടര്‍ന്ന് എല്ല് പൊട്ടുന്നവര്‍ക്ക് ആശ്വാസമായി ബലൂണ്‍ കൈഫോപ്ലാസ്റ്റി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍

0

കണ്ണൂര്‍ : തേയ്മാനത്തെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിക്കുന്ന അവസ്ഥ (വെര്‍ട്ടിബ്രല്‍ കംപ്രഷന്‍ ഫാക്ച്വര്‍) പ്രായമായവരില്‍ വ്യാപകമായി കാണപ്പെടാറുണ്ട്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ പൊട്ടിപ്പോയ എല്ലിനെ ചേര്‍ത്ത് വെക്കുന്ന രീതിയാണ് ഈ സാഹചര്യത്തില്‍ പൊതുവെ അവലംബിക്കാറുള്ളത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് വലിയതോതിലുള്ള മാറ്റം വരുത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ബലൂണ്‍ കൈഫോപ്ലാസ്റ്റി ചികിത്സ ആരംഭിച്ചിരിക്കുന്നു എന്ന് ന്യൂറോസർജറി, സ്‌പൈൻ സർജറി & അഡ്വാൻസ്ഡ് ന്യൂറോ ഇന്റർവെൻഷൻസ് വിഭാഗം മേധാവി ഡോ രമേഷ് സി വി പറഞ്ഞു

നട്ടെല്ലിന് ക്ഷതം സംഭവിച്ച വ്യക്തിയുടെ ശരീരത്തില്‍ വളരെ നേര്‍ത്ത ഒരു ദ്വാരം (പിന്‍ഹോള്‍) മാത്രം സൃഷ്ടിച്ച് അതിലൂടെ വളരെ നേര്‍ത്ത ഒരു ട്യൂബ് ക്ഷതം സംഭവിച്ച ഭാഗത്ത് എത്തിക്കുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് ഈ ട്യൂബില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ബലൂണിന്റെ സഹായത്തോടെ പൊട്ടിയ അസ്ഥിയെ ഉയര്‍ത്തി യഥാസ്ഥാനത്തേക്കെത്തിച്ച് പ്രത്യേകം നിര്‍മ്മിച്ച സിമന്റിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉത്തര മലബാറിൽ ആദ്യമായാണ് ബലൂണ്‍ കൈഫോപ്ലാസ്റ്റി നിര്‍വ്വഹിക്കപ്പെടുന്നത് എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോസര്‍ജറി & സ്‌പൈൻ സർജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ഷമീജ് കെ. വി. പറഞ്ഞു.68 വയസ്സുകാരിയായ വാണിയപ്പാറ സ്വദേശിയിൽ ആണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.ശരീരം തുറന്നുള്ള സാധാരണ ശസ്ത്രക്രിയയില്‍ രോഗിയെ അനസ്‌തേഷ്യ നല്‍കി മയക്കിക്കിടത്തേണ്ടതായി വരും എന്നാല്‍ ഈ ചികിത്സാരീതിയില്‍ പ്രൊസീജ്യര്‍ നടക്കുന്ന ശരീരഭാഗം മാത്രമേ തരിപ്പിക്കേണ്ടതായി വരുന്നുള്ളൂ. മാത്രമല്ല വളരെ ചെറിയ മുറിവായതിനാല്‍ രക്തനഷ്ടക്കുറവും അതിവേഗമുള്ള സുഖപ്രാപ്തിയും നേട്ടങ്ങളുമാണ്. ചികിത്സ നിര്‍വ്വഹിച്ച അതേ ദിവസമോ തൊട്ടടുത്ത ദിവസമോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് നേടാമെന്നതിനാല്‍ ദിവസങ്ങളോളമുള്ള ആശുപത്രിവാസം ഒഴിവാക്കാനും അതുമൂലമുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കുവാനും സാധിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്രസമ്മേളനത്തില്‍ ഡോ രമേഷ് സി വി, ഡോ ഷമീജ് കെ വി, ആസ്റ്റർ മിംസ് സി എം എസ് ഡോ സുപ്രിയ രഞ്ജിത്ത്, സി ഒ ഒ ഡോ അനൂപ് നമ്പ്യാർ.,തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *