ആറളം ഫാം മരംമുറി: പോലീസില്‍ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍
ആറളം ഫാം മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലാ നിയമ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.മരംമുറി നടന്ന സ്ഥലം സബ് കലക്ടർ സന്ദർശിച്ചു.പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ചചെയ്യാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി സബ്കളക്ടര്‍ അറിയിച്ചു.
ആറളം ഫാം പട്ടികവര്‍ഗ്ഗക്കാരുടെ ജീവനോപാധിക്കായി നിലകൊള്ളുന്ന സ്ഥാപനമാണ്. 2004 ന് കേരള സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും പകുതിഭാഗം പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പുനരധിവാസത്തിനും പകുതിഭാഗം ഫാമാക്കി നിലനിര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി ഫാമില്‍ റീപ്ലാന്റേഷന്‍ നടത്തിയിട്ടില്ല. എല്ലാ വിളകളും 1979നു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് നട്ടുപിടിപ്പിച്ചവയാണ്. അതില്‍ ഭൂരിഭാഗം വിളകളും പ്രായാധിക്യത്താല്‍ ഉല്പ്പാദനക്ഷമത കുറഞ്ഞവയുമാണ്.കൂടാതെ ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്ന് ഘട്ടം ഘട്ടമായി ആനകള്‍ ഫാമിലേക്ക് വരുകയും ബാക്കിയുള്ള വിളകള്‍ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആനകള്‍ സ്ഥിരമായി നില്‍ക്കുന്ന പ്രദേശമായി ആറളം ഫാം മാറുകയും ചെയ്തു. നിലവില്‍ ആറളം ഫാം കൃഷിഭൂമിയില്‍ ഭൂരിഭാഗം പ്രദേശവും കാടുമൂടിക്കിടക്കുന്ന സ്ഥിതിയിലാണുള്ളത്. 70 ഓളം കാട്ടാനകള്‍ ഫാം കൃഷിയിടത്തില്‍ സ്ഥിരമായി തമ്പടിച്ചുവരുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ ആറളം ഫാം പുനരുദ്ധീകരണത്തിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് ആറളം ഫാമിലേക്കായി റീപ്ലാന്റേഷന്‍ പദ്ധതിക്കായി 198 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. അതുപ്രകാരം ബ്ലോക്ക്-5 ല്‍ പൈനാപ്പിള്‍ നട്ട് ഇടവിളയായി കശുമാവ് നടുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചുവരുന്നു. ഇതിനായി സ്ഥലം ഒരുക്കുന്നതിന് ബ്ലോക്ക്-5ലെ പാഴ്മരങ്ങള്‍ നീക്കം ചെയ്യുന്നതിനായി മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ടെണ്ടര്‍ നടപടി 2024 ഏപ്രില്‍ 15 ന് പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.