ട്രെയിൻ യാത്രയ്ക്കിടെ ദമ്പതികളെ മയക്കി കെടുത്തി വൻകവർച്ച
ട്രെയിൻ യാത്രയ്ക്കിടെ ദമ്പതികളെ ബോധം കെടുത്തി പണവും സ്വർണവും ഫോണും കവർന്നതായി പരാതി. പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത്.കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങി പോകുമ്പോഴാണ് സംഭവം.
ബർത്തിന് അരികിൽ ഇവർ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികൾ പറയുന്നത്. ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.