കണ്ണൂർ ജില്ലയിലെ 11 വില്ലേജ് നോളജ് സെന്ററുകളും  പ്രവർത്തനക്ഷമമാക്കും

0
ധർമ്മടം, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിൽ സ്ഥാപിച്ച 11 വില്ലേജ് നോളജ് സെന്റർ (വികെസി) കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കാൻ തീരുമാനം. ധർമ്മടം മണ്ഡലത്തിലെ ധർമ്മടം, പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, കടമ്പൂർ, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലും തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കുറ്റിയാട്ടൂർ, പരിയാരം ഗ്രാമപഞ്ചായത്തുകളിലുമാണ് വില്ലേജ് നോളജ് സെൻററുകൾ സ്ഥാപിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഓരോ സെന്ററും ഓരോ വിഷയ മേഖലയുടെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കും. ഇതോടൊപ്പം ജില്ലയെ സംബന്ധിച്ച് സമഗ്ര വിവരങ്ങളും ഈ സെന്ററുകളിൽ ലഭ്യമാക്കും. വിവിധ വകുപ്പുകളും മിഷനുകളുമായും ഏകോപിപ്പിച്ചായിരിക്കും സെന്ററിന്റെ പ്രവർത്തനം. നോളജ് സെന്ററുകൾ മുഖേന ഒരേസമയം വകുപ്പുകൾക്കും പൊതുജനങ്ങൾക്കും സേവനം ലഭ്യമാക്കും. വികെസി കെട്ടിടങ്ങൾ സ്ഥാപിതമായ 11 തദ്ദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് ഭരണസമിതികൾ യോഗം ചേർന്ന് സെന്ററിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി 10 ദിവസത്തിനകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.
കൃഷി അധിഷ്ഠിത വിജ്ഞാന വ്യാപന കേന്ദ്രങ്ങളായിട്ടാണ് വില്ലേജ് നോളജ് സെന്ററുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ഐ.ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കൃഷി ഉൾപ്പെടെയുള്ള ഉത്പാദന മേഖലയിൽ ഏർപ്പെടുന്ന പൊതുജനങ്ങൾക്കും വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 5.61 കോടി രൂപ ചെലവിലാണ് വില്ലേജ് നോളജ് സെന്ററുകൾ സ്ഥാപിച്ചത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, പ്രതിനിധികൾ, പ്ലാനിങ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *