വയനാട് ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളും; കാർഷിക ഗ്രാമ വികസന ബാങ്ക്

0

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹൻ വിശദമാക്കി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി വായ്പയെടുത്ത കർഷകരുടെ പ്രമാണങ്ങളടക്കമുള്ള രേഖകൾ തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിൻറെ തീരുമാനത്തിന് സർക്കാർ അനുമതി വേണം, ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

52 കുടുംബങ്ങൾ വൈത്തിരിയിലെ ശാഖയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. 52 പേരുടെ 64 വായ്പകളാണ് ഇതിനോടകം എഴുതി തള്ളുന്നത്. ഏകദേശം ഒരു കോടിയോളം രൂപയുടെ വായ്പകളാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്. 42 കാർഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും എഴുതിത്തള്ളുന്നവയിൽ ഉൾപ്പെടുന്നു.

വായ്പക്കാരുടെ വിവരം ബാങ്ക് ശേഖരിച്ചിട്ടുണ്ട്, ബാങ്ക് എല്ലാ കാലത്തും ജനങ്ങൾക്കൊപ്പമാണ്, ദുരന്തബാധിതർക്ക് വേണ്ടി ബാങ്കിന് കഴിയുന്ന ധനസഹായം കൂടി ചെയ്യുമെന്നും ഇതിനോടകം ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നൽകി കഴിഞ്ഞുവെന്നും കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് ഷാജി മോഹൻ വ്യക്തമാക്കി.

അതേസമയം, നേരത്തെ കേരളാബാങ്കും മുണ്ടക്കൈ ദുരന്തബാധ്യത മേഖലയിലെ ജനങ്ങളുടെ വായ്പകൾ എഴുതി തള്ളിയിരുന്നു. ഇപ്പോൾ അതേ രീതി തന്നെയാണ് കാർഷിക ഗ്രാമ വികസന ബാങ്കും സ്വീകരിച്ചിരിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *