ആന്തരിക ജീവിതത്തിൻ്റെ സൗന്ദര്യം തിരിച്ച് പിടിക്കാൻ പഴമയുടെ വേരുകൾ തേടി പോകണം: രാധാകൃഷ്ണൻ മാണിക്കോത്ത്
ആന്തരിക ജീവിതത്തിൻ്റെ സൗന്ദര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അത് തിരിച്ച് പിടിക്കാൻ നമ്മൾ പഴമയുടെ വേരുകൾ തേടി പോകണമെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പറഞ്ഞു. പുതിയേടത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളെ നമ്മളാക്കി മാറ്റി അടയാളപ്പെടുത്തിയ അമ്മ മനസ്സുകളെ ഹൃദയത്തോട് ചേർത്ത് വെക്കുവാൻ നമ്മുക്ക് സാധിക്കണം.
സംസ്കാരം, ഭാഷ, പ്രകൃതി തുടങ്ങിയവയെല്ലാം അമ്മയായി കാണം. തല മുറകളുടെ വേരുകൾ ചിതലരിക്കാതിരിക്കണമെങ്കിൽ ഇത്തരം കുടുംബസംഗമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ദേവരാജൻ പുതിയടത്ത് അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ജയദേവൻ പുതിയടത്ത് തറവാട് ലഘുചരിത്രം അവതരിപ്പിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ദിപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ വൈസ് ചെയർമാൻമാരായ പി. ഭാരതി, പി. രവീന്ദ്രൻ, ട്രഷറർ പി. നാരായണൻ കുട്ടി, പി. അനിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജോ. കൺവീനർ ലതീഷ് പുതിയടത്ത് സ്വാഗതവും കൺവീനർ സദാനന്ദൻ പുതിയടത്ത് നന്ദിയും പറഞ്ഞു.