കണ്ണൂരിൽ സപ്ലൈകോ മണ്ഡലം തല ഓണം ഫെയറുകൾക്ക് തുടക്കമായി
ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കികൊണ്ട് ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി. അഴീക്കോട് നിയോജക മണ്ഡലം ഓണം ഫെയർ അഴീക്കോട് മാവേലി സ്റ്റോറിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന, കുടുവൻ പത്മനാഭൻ,എൻ പ്രസാദ്, ടി എം മോഹനൻ, കെ പി ഹാരീസ്, എം കെ ദ്വിജ, എ സ്മിത എന്നിവർ സംസാരിച്ചു.
പയ്യന്നൂർ മണ്ഡലം ഓണം ഫെയർ പയ്യന്നൂർ പഴയ ബസ്സ്റ്റാൻറിന് സമീപത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ടി ഐ മധുസൂദനൻ എം എൽ എ യും കൂത്തുപറമ്പ് മണ്ഡലം ഓണം ഫെയർ കൂത്തുപറമ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കെ പി മോഹനൻ എം എൽ എയും ഉദ്ഘാടനം ചെയ്തു.
ധർമ്മടം മണ്ഡലം ഓണം ഫെയർ ചക്കരക്കല്ല് സൂപ്പർ മാർക്കറ്റിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീളയും കല്ല്യാശ്ശേരി മണ്ഡലം ഓണം ഫെയർ ചെറുകുന്ന് സൂപ്പർ മാർക്കറ്റിൽ കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രതിയും ഉദ്ഘാടനം ചെയ്തു.
പേരാവൂർ മണ്ഡലം ഓണം ഫെയർ ഇരിട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലതയും തളിപ്പറമ്പ് മണ്ഡലത്തിന്റെ ഫെയർ തളിപ്പറമ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയും ഇരിക്കൂർ മണ്ഡലത്തിലെ ഫെയർ ശ്രീകണ്ഠപുരം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിനയും മട്ടന്നൂർ മണ്ഡലത്തിലെ ഫെയർ മട്ടന്നൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ പ്രീതയും ഉദ്ഘാടനം ചെയ്തു.
സപ്ലൈകോ ഓണം ഫെയറിൽ പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് നൽകുന്നത്. ഓണം ഫെയറുകളിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്സും നടപ്പാക്കിയിട്ടുണ്ട്. വിവിധ സബ്സിഡി ഇതര സാധനങ്ങൾക്ക് സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേ 10 ശതമാനം വരെ വിലക്കുറവായിരിക്കും ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്സിൽ നൽകുക.
ഉച്ചക്ക് രണ്ടു മുതൽ നാലുമണിവരെ ആയിരിക്കും ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്സ്.അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ കയ്യെത്തും ദൂരത്ത് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മാവേലി സ്റ്റോറുകളിൽ ആരംഭിച്ച ഫെയർ സെപ്റ്റംബർ 14 വരെ രാവിലെ 10 മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും.