ഭൂമിയിലെ ജീവിതത്തില്‍ നിന്നും സ്പേസ് സ്റ്റേഷനിലെ ജീവിതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് സുനിത വില്യംസ്
ഭൂമിയിലെ ജീവിതത്തില്‍ നിന്നും സ്പേസ് സ്റ്റേഷനിലെ ജീവിതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് സുനിത വില്യംസ് വ്യക്തമാക്കി. സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയിലെ പൈലറ്റുമാര്‍ എന്ന നിലയില്‍ ഇവിടെ ഒരു വര്‍ഷത്തോളം തുടരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും ഒരുപക്ഷേ മടക്കയാത്ര വൈകിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നുവെന്നും സുനിത പറഞ്ഞു.ഈ രംഗത്ത് കാര്യങ്ങളെല്ലാം അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.ഉടന്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് പരിഭ്രാന്തി ഉണ്ടായിരുന്നുവെന്നും സുനിത പറയുന്നു. അമ്മയോടൊത്ത് സമയം ചെലവഴിക്കുന്നതിനെ കുറിച്ചെല്ലാം ചിന്തിച്ചിരുന്നുവെന്നും സുനിത പറഞ്ഞു. ബഹിരാകാശത്ത് തന്നെ തുടരാനുള്ള തീരുമാനത്തില്‍ ഒട്ടും നിരാശനല്ലെന്ന് ബുച്ച് വില്‍മോറും പ്രതികരിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശൂന്യാകാശത്തുനിന്ന് വോട്ടുചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സുനിതാ വില്യംസും ബുച്ച് വില്‍മോറും. എങ്ങനെയെങ്കിലും തങ്ങള്‍ക്ക് ബാലറ്റ് എത്തിക്കണമെന്ന അപേക്ഷ താന്‍ നല്‍കിയിട്ടുണ്ടെന്ന് വില്‍മോര്‍ അറിയിച്ചു. വോട്ടുചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണെന്നും സ്‌പേസില്‍ നിന്നും വോട്ടിടുക എന്നത് വളരെ നല്ല ഒരു ആശയമായി തോന്നുന്നുവെന്നും സുനിത പറഞ്ഞു. നവംബര്‍ അഞ്ചിനാണ് ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള മത്സരം നടക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശൂന്യാകാശത്തുനിന്നും വോട്ടുചെയ്യാനുള്ള ആഗ്രഹം ഇരുവരും പ്രകടിപ്പിച്ചത്. ഇത് തന്നെ വളരെ സന്തോഷിപ്പിക്കുന്ന ഇടമാണെന്ന് സുനിത മാധ്യമങ്ങളോട് പറഞ്ഞു. സ്‌പേസില്‍ ആയിരിക്കാന്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇവിടെ ജീവിക്കാന്‍ അത്രയധികം ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. പിന്നെ എല്ലാത്തിലും എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുണ്ടാകുമല്ലോ. സുനിത പറഞ്ഞു. തങ്ങളെ കുറച്ചുകാലം കൂടി സ്‌പേസില്‍ നിര്‍ത്താനുള്ള തീരുമാനത്തില്‍ ഒരു നിരാശയും തോന്നിയില്ലെന്നും സുനിതയും ബച്ചും പറഞ്ഞു.