കോർപ്പറേഷനിലെ എൻജിനീയറിംഗ് വിഭാഗത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമർശനം
പദ്ധതികള്‍ക്ക് കോർപ്പറേഷനിലെ എൻജിനീയറിംഗ് വിഭാഗം ഉടക്കിടുന്നതായി ഭരണ -പ്രതിപക്ഷ കൗണ്‍സിലർമാർ കൗണ്‍സില്‍ യോഗത്തിലാണ് രൂക്ഷ വിമർശനം.
നിലവില്‍ സോണല്‍ പരിധികളില്‍ ഒരു എൻജിനീയർ തുടങ്ങിവച്ച പണി മറ്റൊരു എൻജിനീയർ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നത്. ജോലി നടത്തിയിരുന്ന എൻജിനീയർ സ്ഥലംമാറ്റം ലഭിച്ച് പോകുമ്പോൾ ആ പണി അതോടെ നിലയ്ക്കുകയാണ് ചെയ്യുന്നതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
കൗണ്‍സിലർമാർ നേരിട്ട് സംസാരിച്ചിട്ടും യാതൊരു സഹകരണ മനോഭാവവും ഇല്ല. നിസാര പ്രശ്‌നങ്ങള്‍ പറഞ്ഞ് പ്രവൃത്തികള്‍ മാറ്റിവെക്കുകയാണ് ചെയ്യുന്നത്. പല ഡിവിഷനിലും സ്പില്‍ ഓവർ പ്രവൃത്തിപോലും പൂർത്തിയാക്കിയിട്ടില്ല. ഇതോടെ അനുവദിച്ച ഫണ്ടും നഷ്ടപെടുകയാണെന്നും കൗണ്‍സിലർമാർ പറഞ്ഞു. ഇതിന് പുറമേ ഉദ്യോഗസ്ഥർ ജോലി ഏറ്റെടുത്ത് കോണ്‍ട്രാക്ടർമാർ ജോലി തുടങ്ങാൻ എല്ലാ മുന്നൊരുക്കങ്ങളും ചെയ്ത് കഴിഞ്ഞാല്‍ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ സ്റ്റോപ്പ് മെമ്മോ നല്‍കുകയാണെന്നും കൗണ്‍സിലർമാർ ആരോപിച്ചു.
പുഴാതി ഡിവിഷനില്‍ ഇത്തരത്തില്‍ പണി നിർത്തിവച്ചതായി ഡിവിഷൻ കൗണ്‍സിലർമാർ ചൂണ്ടിക്കാടി. അമൃത് പദ്ധതി പൈപ്പ് ലൈൻ അതുവഴി പോകുന്നുവെന്ന കാരണം പറഞ്ഞാണ് പ്രവൃത്തി തടഞ്ഞത്. എന്നാല്‍ പൈപ്പ് ലൈൻ അതുവഴിയായിരുന്നില്ല. അത് മനസിലായിട്ടും പണി പുനരാരംഭിക്കാൻ അറിയിപ്പ് ഒന്നും നല്‍കിയില്ല.