സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കെതിരെ തടസ ഹർജി നൽകി സംസ്ഥാന സർക്കാർ

0

ബലാത്സം​ഗക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കെതിരെ സംസ്ഥാന സർക്കാർ തടസ ഹർജി നൽകി. പ്രൊസിക്യൂഷന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കി.

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ അതിജീവിതയും സുപ്രീം കോടതിയിൽ തടസ ഹർജി സമർപ്പിച്ചേക്കുമെന്നാണ് സൂചന. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.

ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് നടൻ സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കുമെന്നാണ് സൂചനകൾ വന്നത്. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹ്തഗിയുമായി ചർച്ച നടത്തിയിരുന്നു. സിദ്ദിഖിനെതിരെയുള്ള വിധിപ്പകർപ്പും കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാവും ഹർജി നൽകുകയെന്നാണ് സൂചന. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

2016ൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവ നടി മൊഴി നൽകിയിരുന്നു. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകിയിരുന്നു. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *