നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. ജൂനിയർ ആർട്ടിസ്റ്റായ യുവതിയും മറ്റൊരു നടിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പായ കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് പൂങ്കുഴലിയുടെ നേത്യത്വത്തിലുള്ള സംഘമാണ് നടനെ ചോദ്യം ചെയ്യുന്നത്.
ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇടവേളബാബുവിനെതിരെ കേസ് എടുത്തിരുന്നു. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടന് മുൻകൂർ ജാമ്യം അനുവദിക്കുകയും ഇതിന്റെ ഭാഗമായാണ് ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലും. പരാതിക്കാരിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാവും ഇന്ന് നടക്കുന്ന ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കും.
അതേസമയം, നേരത്തെ തന്നെ AMMA സംഘടനയിലെ മുൻ ഭാരവാഹികളുടെയും പരാതിനൽകിയ ആളുകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം പരാതിക്കാരായ ഓരോരുത്തരുടെയും അടുത്ത് നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്.നടന്മാർ താമസിച്ചിരുന്ന ഹോട്ടലുകളിലും ഇതിനോടകം തന്നെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.