മദ്യനയ അഴിമതിക്കേസ്: കെജ്‍രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞേക്കും
മദ്യനയ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞേക്കും. മദ്യനയ അഴിമതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധി പറയേണ്ടത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്നാണ് അരവിന്ദ് കെജ്‍രിവാളിന്റെ പ്രധാന ആവശ്യം. കേസിലെ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. രണ്ട് ഹര്‍ജികളിലും സുപ്രീം കോടതി വിശദമായ വാദം കേട്ടിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള കരുതല്‍ അറസ്റ്റാണ് സിബിഐയുടെ നടപടിയെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്റെ അഭിഭാഷകന്റെ വാദം.
കേസില്‍ ജാമ്യം നല്‍കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്ന നടപടിയാണെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി വാദം. എന്നാല്‍ അങ്ങനെ പറയരുതെന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രിംകോടതി നേരത്തെ തന്നെ അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും കൂടി ജാമ്യം ലഭിച്ചാല്‍ അരവിന്ദ് കെജ്രിവാളിന് പുറത്തിറങ്ങാം. സിബിഐ കേസില്‍ ജാമ്യം ലഭിച്ചാലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള്‍ ഒപ്പിടുന്നതിനും കെജ്രിവാളിനുള്ള വിലക്ക് തുടരും. ഈ വിലക്ക് നീക്കാന്‍ അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരും.