ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി

0

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതിനിടെ സിദ്ദിഖിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി മകന്‍ ആരോപിച്ചു. സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസിന്റെ വീഴിച്ചയാണെന്ന ആരോപണവും ശക്തമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *