സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ: വിട നല്‍കി നാട്
ഇടതു സമരഭൂമികയില്‍ ആവേശം വിതറിയ രക്തതാരകം പുഷ്പന്‍ ഇനി ഓര്‍മ. കൂത്തുപറമ്പ് സമര നായകന്റെ സംസ്‌കാരം കണ്ണൂര്‍ ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പില്‍ നടന്നു. കോഴിക്കോട് ഡിവൈഎഫ്‌ഐ യൂത്ത് സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ നിരവധിപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു. എലത്തൂര്‍, പൂക്കാട്, കൊയിലാണ്ടി, നന്തി , പയ്യോളി, വടകര , നാദാപുരം റോഡ്, മാഹി, പുന്നോല്‍ എന്നിവിടങ്ങളില്‍ റോഡിന്റെ ഇരുവശത്തും നിരവധി പേരാണ് പ്രിയ സഖാവിനെ അവസാനമായി കാണാന്‍ തിങ്ങിക്കൂടിയത്. തലശ്ശേരിയിലെയും കൂത്തുപറമ്പിലെയും പൊതുദര്‍ശനത്തിനുശേഷം ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശനത്തിലും ജനപ്രവാഹമായിരുന്നു. പിന്നീട് പുഷ്പന്റെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെയും പൊതുദര്‍ശനമുണ്ടായിരുന്നു. അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
29 വര്‍ഷം ജീവിക്കുന്ന രക്തസാക്ഷിയായി പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച പുഷ്പനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍, എ എ റഹിം, വികെ സനോജ് ഉള്‍പ്പടെയുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ തോളിലേറ്റിയത് വികാര നിര്‍ഭരമായ കാഴ്ചയായി. തളര്‍ന്ന ശരീരവുമായി ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സമ്മേളന വേദികളില്‍ നിരന്തരം സഞ്ചരിച്ചിരുന്ന പുഷ്പന്‍ പാര്‍ട്ടിയുടെ യുവ പോരാളികള്‍ക്ക് മുന്നില്‍ തുറന്നു വച്ചത് പോരാട്ടത്തിന്റെയും സമരത്തിന്റെയും ശക്തമായൊരു ചരിത്രമായിരുന്നു. അതേ പുഷ്പനായി ഇന്ന് ജന്മനാട് ഒന്നടങ്കം ചങ്കുപൊട്ടി മുദ്രാവാക്യം വിളിച്ചു.
1994 നവംബര്‍ 25ന് സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട ഡിവൈഎഫ്‌ഐയുടെ പ്രക്ഷോഭത്തിനിടെയായിരുന്നു പുഷ്പന് വെടിയേറ്റത്. മന്ത്രിയായിരുന്ന എംവി രാഘവനെ തടഞ്ഞവര്‍ക്ക് നേരെ പൊലിസ് വെടിയുതിര്‍ക്കുകയായിരുന്നു. ഈ വെടിവെപ്പില്‍ തലയ്ക്കു പരുക്കേറ്റ പുഷ്പന്‍ ഇരുപത്തിനാലാം വയസ്സില്‍ തളര്‍ന്ന് കിടപ്പിലായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെയാണ് പുഷ്പന്‍ മരണപ്പെട്ടത്.