കണ്ണൂരിൽ കൃഷി വകുപ്പിന്റെ ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി

0

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വിപണി ഇടപെടൽ പദ്ധതി പ്രകാരം ഓണക്കാലത്ത് കർഷകരിൽനിന്ന് പഴം, പച്ചക്കറി ഉൽപന്നങ്ങൾ മികച്ച വില നൽകി സംഭരിച്ച് മിതമായ നിരക്കിൽ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനായി വിവിധ കൃഷി ഭവനുകളുടെ പരിധിയിൽ നടത്തുന്ന ഓണസമൃദ്ധി 2024 കർഷക ചന്തകൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണ്ണൂർ സിവിൽ സ്റ്റേഷൻ മിൽമ ബൂത്തിന് സമീപം കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ നിർവഹിച്ചു. ആദ്യവിൽപന അസി. കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ നിർവഹിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു മണി വരെയാണ് പ്രവർത്തനം. സെപ്റ്റംബർ 14 വരെ നാല് ദിവസങ്ങളിലായി ചന്ത നടക്കും.

ജില്ലയിൽ 141 ഓണസമൃദ്ധി ചന്തകളാണുള്ളത്. ഇതിൽ 89 എണ്ണം കൃഷിഭവനുകളും 46 എണ്ണം ഹോർട്ടി കോർപ്പ് നേരിട്ടും ആറെണ്ണം വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ ഭാഗമായുമാണ് ഒരുക്കിയിരിക്കുന്നത്.  തക്കാളി, വെണ്ട, പാവൽ, നേന്ത്രക്കായ, ചേന തുടങ്ങിയ നാടൻ പച്ചക്കറികൾക്കൊപ്പം വിവിധയിനം പഴങ്ങൾ,  കൂടാതെ ജൈവകർഷകർ ഉൽപാദിപ്പിക്കുന്ന കുത്തരി, ശർക്കര, തേൻ, നാടൻ കറിപ്പൊടികൾ തുടങ്ങിയവയും ചന്തയിലുണ്ട്.

കോർപ്പറേഷൻ വിദ്യാഭ്യസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷതവഹിച്ചു.  പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ തുളസി ചെങ്ങാട്ട്, പി രേണു, എൻ കെ ബിന്ദു, സീമ സഹദേവൻ, ആത്മ പ്രൊജക്റ്റ് ഡയറക്ടർ കെ ആനന്ദ, കൃഷി അസി . ഡയറക്ടർ ഇൻ ചാർജ് കെ കെ ആദർശ്, കൃഷി ഫീൽഡ് ഓഫീസർ ജേക്കബ് തോമസ് എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *