ഓണം സ്‌പെഷ്യൽ ഡ്രൈവ്; കൂട്ടുപുഴ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന ആരംഭിച്ചു
കൂട്ടുപുഴ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന ആരംഭിച്ചു . ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അതിർത്തി കടന്ന് മദ്യവും മയക്കുരുന്നും കടത്തുന്നത് തടയാൻ കേരള, കർണ്ണാടക എക്‌സൈസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ അതിർത്തിയിലും മാക്കൂട്ടം ചുരം പാതയിലും സംയുക്ത പരിശോധന തുടങ്ങിയത്. കർണ്ണാടകത്തിൽ നിന്നും മദ്യം, മയക്കുമരുന്നുകളുടെ കടത്ത് നിത്യവും പിടികൂടുന്ന സാഹചര്യത്തിൽ കൂടിയാണ് പരിശോധന.
മിന്നൽ പരിശോധന എന്ന പേരിൽ 24 മണിക്കൂറും വാഹന പരിശോധനയാണ് ലക്ഷ്യമിടുന്നത്. 25 അംഗ പരിശോധന വിഭാഗത്തെ ഇതിനായി നിയോഗിച്ചു. സംശയം തോന്നിയാൽ കർണ്ണാടക എക്‌സൈസ് സംഘത്തിന് കൂട്ടുപുഴ അതിർത്തി കടന്ന് വാഹനങ്ങളേയും വ്യക്തികളേയും പരിശോധിക്കാൻ അധികാരം നൽകി,കേരള എക്‌സൈസ് സംഘത്തിന് സംസ്ഥാനതാർത്തി കടന്ന് മാക്കൂട്ടം ചുരം പാതയിലും പരിശോധന നടത്താം. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം കൂട്ടുപുഴയിൽ സംയുക്ത യോഗം ചേരുകയും ചെയ്തിരുന്നു .
എക്‌സൈസിന്റെ ചെക്ക് പോസ്റ്റ് കിളിയന്തറയിൽ നിന്നും കൂട്ടുപുഴയിലേക്ക് മാറിയതോടെ പരിശോധന ശക്തമായി. ഇതോടെ അതിർത്തി വരെ വഹനങ്ങളിൽ എത്തി കാൽ നടയായി കൂട്ടുപുഴ പാലം കടന്ന് എക്‌സൈസിന് മുന്നിലൂടെ പോകുന്ന കടത്തു രീതിയും വ്യാപകമായിട്ടുണ്ട്. അതിർത്തി കടന്ന് എത്തുന്ന ഓരോ വ്യക്തിയേയും പരിശോധിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. ഇതിനുള്ള സൗകര്യങ്ങളോ ജീവനക്കാരുടെ എണ്ണമോ ഉണ്ടാകുന്നുമില്ല.ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഇരിട്ടി സിഐയുടെ കീഴിൽ 231 റെയ്ഡുകളാണ് നടത്തിയത്. പോലീസ് , വനം വകുപ്പ് എന്നിവരുമായി ചേർന്ന് 10 സംയുക്ത പരിശോധനകൾ നടത്തി. 50 അബ്കാരി എൻ ഡി പി എസ് കേസുകൾ രജിസ്റ്റർ ചെയ്തു. 57 പ്രതികളെ അറസ്റ്റ് ചെയുകയും അഞ്ചിലധികം വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ 6.5 ലിറ്റർ ചാരായവും 77 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യുവും 110 ലിറ്റർ വാഷും ആറു ലിറ്റർ അന്യ സംസ്ഥാന മദ്യവും അര കിലോ കഞ്ചാവും മാരക മയക്കു മരുന്നായ എം ഡി എം എ 60.5 ഗ്രാമും പിടിച്ചെടുത്തു.