ഇന്ന് ഉത്രാടപ്പാച്ചിൽ നാളെ തിരുവോണം ; അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും
ഓണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും തിരക്കിലാണ്. ഇന്നാണ് ഉത്രാടപ്പാച്ചിൽ.ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്.തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്. മലബാറിലെ ഓണവും തെക്കൻ ജില്ലകളിലെ ഓണവും വ്യസ്തമാണ്.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു.പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്.കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.