തിരുവോണനാളിൽ “സിതാർ”എത്തി അമ്മത്തൊട്ടിലിന്റെ കരുതലിൽ
തിരുവോണ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. കുഞ്ഞിന് ആരോഗ്യമന്ത്രി വീണ ജോർജ് സിതാർ എന്ന് പേരിട്ടു. ഞായറാഴ്ച രാവിലെ 6.30ഓടെയാണ് കുഞ്ഞിനെ ലഭിച്ചത്. അലാറം കേട്ട് ജീവനക്കാരെത്തി കുഞ്ഞിനെ എടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പത്തു ദിവസം പ്രായം തോന്നിക്കുന്ന കുഞ്ഞിന് 2.835 കിലോഗ്രാം ഭാരമുണ്ട്.2009ലാണ് പത്തനംതിട്ടയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
ഈ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 20-ാമത്തെ കുഞ്ഞാണിത്.ആദ്യമായാണ് സംസ്ഥാനത്തെ ഒരു അമ്മത്തൊട്ടിലിൽനിന്നും തിരുവോണ നാളിൽ കുഞ്ഞിനെ ലഭിക്കുന്നത്.കുഞ്ഞിനെ അടുത്തദിവസം ഓമല്ലൂർ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്നും കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.