വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
അസാപ് കേരള വെബിനാർ

അസാപ് കേരളയുടെ നേതൃത്വത്തിൽ കരിയർ പാത്ത്വേസ്: ഓപ്പർച്യുനീറ്റീസ് ഫോർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനേർസ് എന്ന വിഷയത്തിൽ ഒക്ടോബർ ഒന്നിന് വൈകീട്ട് ഏഴ് മുതൽ എട്ട് വരെ വെബിനാർ സംഘടിപ്പിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് മേഖലയിലെ പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനും കോർപ്പറേറ്റ് ട്രെയിനിങ്, ഓൺലൈൻ ട്യൂഷൻ, ഫ്രീലാൻസിങ്, കൺസൾട്ടിങ്, സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്, സ്‌കിൽ ട്രെയിനിങ് എന്നീ മേഖലകളിലെ അവസരങ്ങൾ അറിയാനും കരിയറിനെ രൂപപ്പെടുത്തുവാനുള്ള വിവിധ ടിപ്പുകൾക്കായും ഈ അവസരം ഉപയോഗിക്കാം.
ഡിഗ്രിക്ക് ശേഷം ഒരു തൊഴിലവസരം അന്വേഷിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 7025347324 ലിങ്ക്: https://csp.asapkerala.gov.in/events/exploring-career-pathways-opportunities-for-communicative-english-trainers-and-beyond

വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2024-25 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ നവംബർ 25 ന് മുമ്പ് www.labourwelfarefund.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. ഓഫ് ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല.

ബയോഫ്‌ളോക് കുളം നിർമ്മാണത്തിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ ഘടക പദ്ധതിയായ ഉപ്പുവെള്ള പ്രദേശങ്ങളിൽ ബയോഫ്‌ളോക് കുളം നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിത അപേക്ഷകൾ തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യഭവൻ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ഒക്ടോബർ 15 വൈകീട്ട് നാല്  മണിവരെ ഓഫിസുകളിൽ സ്വീകരിക്കും. ഫോൺ: 0497 2732340.

93 മാതൃകാ പദ്ധതികളുടെ ഉദ്ഘാടനം ഒക്‌ടോബർ രണ്ടിന്‌

ശുചിത്വ സുസ്ഥിര കണ്ണൂർ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിൽ 93 മാതൃകാ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ച് ശുചിത്വ വേലി ഉദ്ഘാടനം ചെയ്യും. മറ്റുപദ്ധതികൾ: കണിച്ചാർ പഞ്ചായത്ത് 15 ലക്ഷം രൂപ മുടക്കി നെടുംപൊയിൽ റോഡിൽ 29ാം മൈലിൽ ഏലപ്പീടികയിൽ നിർമ്മിച്ച ശുചിത്വ പാർക്ക, ചെറുതാഴം പഞ്ചായത്തിലെ വിളയാങ്കോട വാദിഹുദ കോളേജിനെ ഹരിത ക്യാമ്പസായി പ്രഖ്യാപിക്കൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പെരളശ്ശേരിയിൽ നിർമ്മിച്ച റിസോഴ്‌സ് റിക്കവറി സെന്റർ പ്രവർത്തന ഉദ്ഘാടനം, പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ നിർമ്മിച്ച ഇക്കോ പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കൽ, മട്ടന്നൂർ  നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും പച്ചത്തുരുത്തുകൾ നട്ടു വളർത്തുന്ന ഹരിത വിദ്യാലയം പ്രവർത്തനത്തിന് തുടക്കം കുറിക്കൽ, നഗരസഭാ പരിധിയിലെ 22 സ്‌കൂളുകളിലും പച്ചത്തുരുത്തുകൾ നിർമ്മിക്കുകയും സ്‌കൂളുകൾ പൂർണ്ണമായും ഹരിത വിദ്യാലയങ്ങളായി മാറുന്ന ക്യാമ്പയിൻ, കണ്ണപുരം  ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഴു ഹരിത സംരംഭങ്ങളുടെ ഉദ്ഘാടനം, പെരളശ്ശേരി പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും ശുചിത്വ റേഡിയോ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം, വേങ്ങാട് പഞ്ചായത്തിലെ പാച്ചപ്പൊയ്ക ടൗൺ മൂന്നുപെരിയ മാതൃകയിൽ  ഹരിത ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മാതൃക ടൗൺ പ്രഖ്യാപനം, നാറാത്ത് പഞ്ചായത്തിലെ കാക്കത്തോട് നീർച്ചാൽ ജനകീയമായി ശുചീകരണം നടത്തി മാലിന്യം നീക്കിയ ശേഷം ഇരുകരകളിലും കൃഷി നടത്തുന്നതിന്റെ ഉദ്ഘാടനം.

സൗജന്യ തൊഴിൽ പരിശീലനം

അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്റർ, തളിപ്പറമ്പ സെന്ററിൽ കേന്ദ്ര സർക്കാറിന്റെ പ്രധാൻമന്ത്രി കൗശൽ വികാസ് യോജന പദ്ധതി (പിഎംകെവിവൈ) പ്രകാരം 18നും 45നും വയസ്സിനിടയിലുള്ളവർക്ക് ഫാഷൻ ഡിസൈനിങ്ങ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. നാഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി നടത്തുന്നത്. ഫോൺ: 8301030362, 9995004269

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പുതുതായി ആരംഭിക്കുന്ന മൈക്രോ എന്റെർപ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന, എംകോം, ടാലി യോഗ്യതയുള്ള 22 മുതൽ 45 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾ ആയിരിക്കണം. ഉദ്യോഗാർഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബർ അഞ്ചിന്  വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ മട്ടന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫീസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിലുമാണ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

ആനമതിൽ നിർമ്മാണത്തിനായി 

മുറിച്ച മരങ്ങളുടെ ലേലം

ഐടിഡിപി കണ്ണൂർ പ്രൊജക്ട് ഓഫീസറുടെ അധികാര പരിധിയിൽ വരുന്ന ആറളം പുനരധിവാസ മേഖലയിൽ ആന മതിൽ നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റിയ വിവിധ ഇനത്തിൽപ്പെട്ട മരങ്ങൾ  ആറളം ടി ആർ ഡി എം സ്‌പെഷ്യൽ യൂണിറ്റ് ഓഫീസിൽ ഒക്ടോബർ എട്ടിന്  രണ്ടു മണിക്ക് പരസ്യമായി ലേലം ചെയ്തു വിൽക്കും. ഫോൺ: ഐടിഡിപി കണ്ണൂർ പ്രൊജക്ട് ഓഫീസ്-04972 700357, ആറളം സൈറ്റ് മാനേജർ-8075850176.

ലേലം

എരിപുരം-കുപ്പം റോഡിൽ ഏഴോം ധനലക്ഷ്മി റൈസ് മില്ലിന് സമീപത്തുള്ള മഴ മരം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം മാടായി കാര്യാലയത്തിൽ ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും.

റാങ്ക് പട്ടിക റദ്ദായി

കണ്ണൂർ ജില്ലയിൽ എൻസിസി/സൈനിക് വെൽഫെയർ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്-എക്സ്-സർവീസ്മെൻ മാത്രം (എൻസിഎ-മുസ്ലിം-കാറ്റഗറി നമ്പർ: 130/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2020 ആഗസ്റ്റ് 26 ന് നിലവിൽ വന്ന 253/2020/എസ്എസ് മൂന്ന് നമ്പർ റാങ്ക് പട്ടിക, നിയമനശിപാർശ നടത്തിയ ഉദ്യോഗാർഥി 2021 മാർച്ച് 20 ന് പൂർവ്വാഹ്നത്തിൽ ജോലിയിൽ പ്രവേശിച്ചതിനാൽ 2021 മാർച്ച് 20 അർധരാത്രി പ്രാബല്യത്തിൽ റദ്ദാക്കിയതായി കേരള പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഹോമിയോ (ഫസ്റ്റ് എൻസിഎ-എൽസി/എഐ-കാറ്റഗറി നമ്പർ: 381/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ജൂൺ  രണ്ടിന് നിലവിൽ വന്ന 218/2021/ഒഎൽഇ നമ്പർ റാങ്ക് പട്ടിക നിയമന ശിപാർശ നടത്തിയ ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2022 ജനുവരി അഞ്ച് അർധരാത്രി പ്രാബല്യത്തിൽ റദ്ദായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *