വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ഡിജിറ്റൽ സർവെ: റിക്കാർഡുകൾ പരിശോധിക്കാം

കണ്ണൂർ താലൂക്കിലെ കണ്ണൂർ-രണ്ട്, അഴീക്കോട് സൗത്ത് വില്ലേജുകളുടെ ഡിജിറ്റൽ സർവെ ജോലി പൂർത്തിയാക്കി പ്രീ 9(2) എക്സിബിഷനും 9(2) എക്സിബിഷനും നടത്തിയ ശേഷം റവന്യൂ വകുപ്പിന് കൈമാറാനുള്ള അന്തിമ നടപടിയായ സർവെ അതിരടയാള നിയമം സെക്ഷൻ 13 പ്രസിദ്ധീകരണത്തിന് സജ്ജമായതായി റീസർവ്വേ അസി. ഡയറക്ടർ, കണ്ണൂർ അറിയിച്ചു. നാട്ടിലില്ലാതിരുന്നതിനാലോ മറ്റെന്തെങ്കിലും കാരണത്താലോ ഏതെങ്കിലും ഭൂവുടമക്ക് പ്രീ 9(2) എക്സിബിഷനിലോ 9(2) എക്സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനോ അപേക്ഷ നൽകുവാനോ അവസരമുണ്ടായിട്ടില്ലെങ്കിൽ അവർക്ക് ബന്ധപ്പെട്ട വില്ലേജുകളിൽ ഹാജരായി റിക്കാർഡുകൾ പരിശോധിക്കുന്നതിന് സെപ്റ്റംബർ 30 വരെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു. ഫോൺ: 0497 2700513

മണ്ണിടിച്ചിൽ സാധ്യത: കുണ്ടൻചാൽ സങ്കേതത്തിലെ ഏഴ്
കുടുംബങ്ങളുടെ പുനരധിവാസത്തിന് 70 ലക്ഷം അനുവദിച്ചു

കണ്ണൂർ താലൂക്കിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ കുണ്ടൻചാൽ സങ്കേതത്തിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശത്തെ ഏഴ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം 70 ലക്ഷം രൂപ അനുവദിച്ചു. കുണ്ടൻചാൽ സങ്കേതത്തിൽ മഴക്കാലത്ത് മണ്ണൊലിപ്പ് കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പ്രദേശവാസികളുടെ വീടിനും, ജീവനും സംരക്ഷണം ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഴീക്കോട് എംഎൽഎ കെ വി സുമേഷും ചിറക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് സർക്കാർ ധനസഹായം അനുവദിച്ചത്. ഒരു കുടുംബത്തിന് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് വെക്കുന്നതിന് നാല് ലക്ഷം രൂപയും ചേർത്ത് ആകെ 10 ലക്ഷം രൂപ എന്ന നിരക്കിൽ ആകെ 70 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകുക.
പ്രദേശത്തെ 34 കുടുംബങ്ങളിൽ പ്രദേശത്തുനിന്ന് പുനരധിവാസത്തിന് സമ്മതമാണെന്ന് അറിയിച്ച ഏഴ് കുടുംബങ്ങൾക്കാണ് ധനസഹായം അനുവദിച്ചത്. കുണ്ടൻചാൽ സങ്കേതത്തിലെ ഗുരുനാഥൻ എസ്, ജാനകി എ. അറിങ്ങളയൻ ഹൗസ്, ജയശ്രീ കെ, കല്ലെൻ ഹൗസ്, രജ്ഞിത്ത് കെ.വി കുഞ്ഞിവളപ്പിൽ ഹൗസ്, സീത കെ കൊയിലേരിയൻ ഹൗസ്, ഗോപാലൻ എം മടക്കുടിയൻ ഹൗസ്, രാമകൃഷ്ണൻ എ എടച്ചേരിയൻ ഹൗസ് എന്നിവർക്കാണ് ധനഹായം ലഭിക്കുക.
നിരന്തരമായ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ഡെപ്യൂട്ടി കളക്ടറു(ഡി.എം)ടെയും, എസ്സി ഡെവലപ്പ്മെന്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ പ്രദേശത്തെ വിഷയം ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് മണ്ണിടിച്ചിലിന് പരിഹാരം ഉണ്ടാക്കാനായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) കോഴിക്കോടിന്റെ ഒരു സംഘം പ്രദേശം സന്ദർശിച്ചു പഠനം നടത്തി. പ്രദേശത്തെ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുന്നതാണ് ഉചിതമെന്ന് സംഘം നിർദേശിച്ചു. ചിറക്കൽ വില്ലേജ് പൊതുവിൽ സമതലം വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിലും കുണ്ടൻചാൽ സങ്കേതത്തിൽ വീടുകൾ സ്ഥിതി ചെയുന്നത് ചെരിഞ്ഞ തട്ട് തട്ടുകളായ പ്രദേശത്താണെന്നാണ് റിപ്പോർട്ട് ചെയ്തത്.
പ്രദേശത്തെ മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ സ്വന്തമായി മറ്റു ഭൂമി കൈവശമില്ലാത്തവരും കുടുംബത്തിന് സ്ഥിര വരുമാനമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ആണെന്നും ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രദേശത്തെ സംരക്ഷിക്കാൻ കെ വി സുമേഷ് എംഎൽഎയുടെയും ചിറക്കൽ പഞ്ചായത്തിന്റേയും നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാനപ്രകാരം ജില്ലാ കലക്ടറെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എൻഐടിയിലെ വിദഗ്ദ സംഘം പഠനം നടത്തിയത്. കെ വി സുമേഷ് എംഎൽഎ 2023 ആഗസ്റ്റ് ഒമ്പതിന് ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജനും എംഎൽഎയെ അറിയിച്ചിരുന്നു. ഭൂമിയും വീടുമില്ലാത്ത തൊഴിലാളികൾക്കുവേണ്ടി സർക്കാർ ചെലവിൽ ഏറ്റെടുത്തതാണ് ചിറക്കൽ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൻചാൽ സങ്കേതം.

അഡ്വാൻസ്  ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ

അഡ്വാൻസ് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുടെ 2024 ലെ പുതിയ ബാച്ചുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് ബാച്ചുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രിൻറ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എ ന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.
താൽപര്യമുള്ളവർ വിദ്യാഭ്യാസ രേഖകൾ സഹിതം എത്തുക. ഫോൺ: 954495 8182. കോഴിക്കോട് വിലാസം: കെൽട്രോൺ നോളേജ് സെൻറ്റർ, മൂന്നാം നില,അംബേദ്കർ ബിൽഡിങ്ങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673 002. തിരുവനന്തപുരം വിലാസം: കെൽട്രോൺ നോളേജ് സെൻറ്റർ, രണ്ടാം നില, ചെമ്പിക്കളം ബിൽഡിങ്ങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം, 695014.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.

സ്‌കിൽ ഡിപ്ലോമ

കേന്ദ്ര  സർക്കാർ സംരംഭമായ   ബിസിൽ  ട്രെയിനിംഗ്  ഡിവിഷൻ  നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻറ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷനു അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷം, ആറു മാസം എന്നിങ്ങനെയാണ് കോഴ്സുകൾ. ഫോൺ: 8304926081

അദാലത്ത് ഒക്ടോബർ 25ന്

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ, പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിനായി ഒക്ടോബർ 25ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചു വരെ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാതല പരാതി പരിഹാര അദാലത്ത് നടത്തും.

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്

കൃഷി വകുപ്പ്  2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ കർഷകർക്കും കർഷകഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കാർഷികയന്ത്രങ്ങൾ അറ്റകുറ്റപണി ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം.   നിബന്ധനകൾക്ക് വിധേയമായി 25 മുതൽ 100 ശതമാനം വരെ (പരമാവധി തുക 1000-2500രൂപ വരെ) ധനസഹായം സ്പെയർപാർട്സുകൾക്കും, 25% ധനസഹായം (പരമാവധി 1000 രൂപ)  റിപ്പയർ ചാർജ്ജുകൾക്കും ലഭ്യമാവും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടുക.  ഫോൺ: 7558996401, 6282514561, 9746324372, 9383472050

നിയുക്തി തൊഴിൽ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്
നിയുക്തി തൊഴിൽ മേള ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. മേളയുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിക്കും.  കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിക്കും. മേളയിൽ ഐ ടി, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം മറ്റ് സേവന മേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20 ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ് എസ് എൽ സി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബംഗളൂരു ആസ്ഥാനമായ സ്ഥാപനത്തിൽ മാത്രം 60 ഒഴിവുകളുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക്  ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര്
രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും
രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

നിധി ആപ്കെ നികട്

ഇഎസ്ഐ കോർപ്പറേഷൻ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എന്നിവ പരാതി പരിഹാരത്തിനായി സംഘടിപ്പിക്കുന്ന സുവിധ സമാഗമം ‘നിധി ആപ്കെ നികട്’ സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് പയ്യന്നൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും. പിഎഫ്, ഇഎസ്‌ഐ ഗുണഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാം. ഗുണഭോക്താക്കളും തൊഴിലുടമകളും എത്തിച്ചേരണമെന്നു പയ്യന്നൂർ ഇ എസ് ഐ ബ്രാഞ്ച് മാനേജർ അറിയിച്ചു. ഫോൺ: ഇ എസ് ഐ പയ്യന്നൂർ ബ്രാഞ്ച് 04985 295007, സബ് റീജിയണൽ ഓഫീസ് കോഴിക്കോട് 0495 2772270, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസ്, കണ്ണൂർ 0497 2712388

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിലേക്ക് കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ്  ഉച്ചക്ക് 12.30 വരെ.

ക്വട്ടേഷൻ ക്ഷണിച്ചു

അഴീക്കോട് പ്രീമെട്രിക് ഹോസ്റ്റലിൽ 25 പേർക്ക് ഉപയോഗപ്രദമായ ഇൻസിനറേറ്റർ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 ന് വൈകുന്നേരം മൂന്ന് മണിവരെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *