ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കടുത്ത നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ കേരളത്തിലെത്തി പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും.

കൂടുതൽ പരാതി ഉള്ളവർക്ക് കമ്മീഷനെ നേരിട്ട് സമീപിക്കാം. സന്ദർശനം ഉടൻ ഉണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.

റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് കമ്മീഷൻ ആരോപിക്കുന്നു.

അതേസമയം ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കും.

സര്‍ക്കാര്‍ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 290 പേജാണങ്കില്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നതാണ് ഇത്. ഇത്രയും പേജുകള്‍ അന്വേഷണസംഘത്തിലെ ഐ.ജി.സ്പര്‍ജന്‍ കുമാര്‍, ഡി.ഐ.ജി അജിതബീഗം, എസ്.പിമാരായ മെറിന്‍ ജോസഫ്, ജി.പൂങ്കുഴലി, ഐശ്വര്യ ഡോഗ്രെ എന്നീ അഞ്ച് ഉദ്യോഗസ്ഥര്‍ അഞ്ച് ഭാഗങ്ങളായി വീതിച്ച് ഒരുതവണ വായിച്ചു. ഇരുപതിലധികം പേരുടെ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരാരും റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാത്തതിനാല്‍ മൊഴികളില്‍ അവ്യക്തത തുടരുന്നുമുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *