നിപ സമ്പർക്ക പട്ടികയിൽ 267 പേർ; എം പോക്സ് രോഗിയുടെ നില തൃപ്തികരം; ആരോഗ്യമന്ത്രി വീണാ ജോർജ്
ജില്ലയിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 267 പേർ. ഏഴുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. 37 സാമ്പിളുകൾ നെഗറ്റീവ് ആയി. ഹൈ റിസ്ക് കാറ്റഗറിയിൽ ഉള്ളവർക്ക് പ്രതിരോധ മരുന്നു നൽകി. വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കും. വീട്ടുവളപ്പിലെ പഴങ്ങൾ നിപ രോഗി ഭക്ഷിച്ചിട്ടുണ്ട്. അതിൽ നിന്നാണ് ഉറവിടം എന്നാണ് അനുമാനമെന്നും മന്ത്രി പറഞ്ഞു. എം പോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് പറഞ്ഞ മന്ത്രി 23 പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നും കൂട്ടിച്ചേർത്തു. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിൽ ഉള്ളത്.
രോഗിയ്ക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കിൽ വ്യാപനം കുറവാണെന്നും വീണാ ജോർജ് പറഞ്ഞു. 1 ബിയ്ക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ഇതാണ്. ഏത് വകഭേദം ആണെന്നതിൽ ഇന്നോ നാളെ രാവിലെയോ റിസൾട്ട് ലഭിക്കും.
എം പോക്‌സ് ഉറവിടം വിദേശത്ത് നിന്നാണ്. എം പോക്‌സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിപയുടെയും എം പോക്‌സിന്‍റെയും കാര്യത്തിൽ ആശങ്ക വേണ്ടെന്നും മാസ്‌ക്ക് ധരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
മലപ്പുറത്ത് നിപയും എംപോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചിരുന്നു. എംഎൽഎമാർ , മലപ്പുറം ജില്ലാ കലക്ടർ, ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. എംപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.