ബാലസഭ അംഗങ്ങളെ പങ്കെടുപ്പിച്ച് കുടുംബശ്രീ ബാലസദസ്സ് സംഘടിപ്പിക്കുന്നു
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ബാലസഭ അംഗങ്ങളെ പങ്കെടുപ്പിച്ച് കുടുംബശ്രീ ബാലസദസ്സ് സംഘടിപ്പിക്കും. ജില്ലയിലെ 1543 വാർഡുകളിൽ പ്രകൃതി സൗഹാർദമായ സ്ഥലത്ത് ഉച്ചക്ക് രണ്ടു മണി മുതൽ അഞ്ചു വരെ കുട്ടികൾ ഒത്തുചേരും. കുട്ടികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ബാലസഭ റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളായി തിരിച്ച് റിപ്പോർട്ട് തയ്യാറാക്കി ഒക്ടോബർ 10ന് മുമ്പായി അതാത് സി ഡി എസ് ഓഫീസിൽ സമർപ്പിക്കും. തുടർന്ന് റിപ്പോർട്ടുകൾ ബാലപഞ്ചായത്തിലും ബാല നഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപന തലത്തിൽ പരിഹാരം കണ്ടെത്തും.
അല്ലാത്തവ ബാല പാർലിമെന്റിൽ അവതരിപ്പിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര മാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. വിവിധ കലാപരിപാടികളുടെ സമ്മാനദാനവും നടക്കും.
ബാലസദസ്സിന് മുന്നോടിയായി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ സ്റ്റാറ്റസ് പോസ്റ്റ് മത്സരം, റീൽസ് മത്സരം, പ്രളയം, മാലിന്യപ്രശ്നം, പരിസ്ഥിതിയും ആരോഗ്യവും എന്നീ വിഷയങ്ങളിൽ പോസ്റ്റർ രചന മത്സരം എന്നിവയും നടക്കും.
സദസ്സിന്റെ ഭാഗമായി സെപ്റ്റംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടികളിൽ കുട്ടികൾ അവരുടെ പ്രദേശത്തോ അവർ ഇടപെടുന്ന മേഖലകളിലോ കണ്ടെത്തുന്ന സാമൂഹിക പ്രശ്നങ്ങളെ ചോദ്യങ്ങളായോ നിർദേശങ്ങളായോ പെട്ടിയിൽ നിക്ഷേപിക്കാം. ഇത് സിഡിഎസ് മുഖേന ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കും.