അൻവറിനൊപ്പമോ സി.പി.എമ്മിനൊപ്പമോ: ഒക്ടോബർ രണ്ടിന് വെളിപ്പെടുത്തും;കെ.ടി ജലീൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന പി.വി അൻവർ എം.എൽ.എക്കൊപ്പമാണോ സി.പി.എമ്മിനൊപ്പമാണോ എന്ന കാര്യം ഒക്ടോബർ രണ്ടിന് വെളിപ്പെടുത്തുമെന്നും അക്കാര്യം കേരളീയ പൊതുസമൂഹത്തോട് പറയേണ്ടതുണ്ടെന്നും കെ.ടി ജലീൽ എം.എൽ.എ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജലീലിന്റെ പ്രതികരണം.
പൊലീസിലെ ചില ഉന്നതർക്കെതിരെ അൻവർ തുടക്കത്തിൽ ഉന്നയിച്ച ചില കാര്യങ്ങളുണ്ട്. അതിൽ പാർട്ടിയും സർക്കാറും അദ്ദേഹത്തിന്റെ കൂടെനിന്നു എന്നാണ് മനസ്സിലാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സൂപ്രണ്ടിനെ സസ്പപെൻഡ് ചെയ്യുകയും മറ്റൊരാളെ സ്ഥലം മാറ്റുകയും ചെയ്തത്. എ.ഡി.ജി.പി അജിത് കുമാറിനെതിരെ വരെ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളോട് എനിക്ക് യോജിപ്പാണുണ്ടായിരുന്നത്. അതിനപ്പുറത്തേക്കുള്ള വിഷയങ്ങളിൽ ഒക്ടോബർ രണ്ടിന് തന്റെ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തക പ്രകാശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കും. അൻവർ വാർത്ത സമ്മേളനം നടത്തുന്നതിന് മുമ്പ് ആശയവിനിമയം നടത്തിയിരുന്നോ എന്ന കാര്യം കോൺഫിഡൻഷ്യലാണെന്നും വെളിപ്പെടുത്താൻ പറ്റില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.