കൊല്ലം മൈനാഗപ്പള്ളിയിലെ കാറിടിച്ചു കൊല; പ്രതികളുടെ മൊഴി പുറത്ത്
അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോക്ടർ ശ്രീക്കുട്ടിയുടെ മൊഴി. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മൽ പരിചയപ്പെട്ടതെന്ന് ഡോക്ടർ ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകി. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട് പണവും സ്വർണ്ണവും നൽകിയത് അജ്മൽ ആവശ്യപ്പെട്ട പ്രകാരമാണെന്നുമാണ് ശ്രീകുട്ടി മൊഴി നൽകിയിട്ടുണ്ട്.പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസ് ലഭിച്ചു.ഭയം കൊണ്ടാണ് താൻ വാഹനവുമായി രക്ഷപ്പെട്ടതെന്ന് അജ്മൽ പൊലീസിനോട് പറഞ്ഞു. പിൻതുടർന്നവരിൽ ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അജ്മലിന്റെ മൊഴി.
അതേസമയം ഡോക്ടർ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതിലും അന്വേഷണം ആരംഭിച്ചു. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നുമാണ് പോലീസ് വിവരങ്ങൾ തേടുക. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ടും ആരോഗ്യ വകുപ്പിന് പോലീസ് ഉടൻ കൈമാറും. ശ്രീക്കുട്ടി ജോലി ചെയ്ത ആശുപത്രിയിലെ സ്ഥിരം സന്ദർശകനായിരുന്നു അജ്മലെന്നും പൊലീസ് വിവരം ലഭിച്ചു. അതിനിടെ അജ്മലിൻ്റെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.