കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു
വിവിധ തലങ്ങളിൽ വികസനോന്മുഖമായ യാത്രകളിൽ കണ്ണൂർ ഗവ. വനിതാ ഐടിഐ മുൻപന്തിയിലാണെന്ന് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ഗവ.വനിതാ ഐടിഐ യിൽ കണ്ണൂർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ കണ്ണൂർ മണ്ഡലം മുൻപന്തിയിലാണ്. മേലെ ചൊവ്വയിലെ ഫ്ളൈ ഓവറും കാൽടെക്സ് ജംഗ്ഷനിലെ 138 കോടി രൂപയുടെ ഫ്ളൈ ഓവറും 738 കോടിയുടെ സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രൊജക്ടും യാഥാർഥ്യമാവുന്നതോടെ കണ്ണൂർ നഗരത്തിൽ വലിയ വികസന മുന്നേറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയാണ് സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് അനുവദിച്ചത്.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിജോയ് തയ്യിൽ, ഉത്തര മേഖല ജോയിന്റ് ഡയറക്ടർ പി വാസുദേവൻ, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, ഉത്തര മേഖല ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് എസ്‌വി അനിൽകുമാർ, കണ്ണൂർ ഗവ. വനിതാ ഐടിഐ പ്രിൻസിപ്പൽ എംപി വത്സൻ, കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളി, കണ്ണൂർ നോഡൽ ഐടിഐ പ്രിൻസിപ്പൽ ബി എസ് ദിലീപൻ, കണ്ണൂർ ഗവ. വനിതാ ഐടിഐ പിടിഎ പ്രസിഡന്റ് എൻപി നിഷില, എൻ ബാലകൃഷ്ണൻ മാസ്റ്റർ, കെവി ചന്ദ്രൻ, സി ലക്ഷ്മണൻ, രാജീവൻ കിഴുത്തള്ളി, അശ്വിനി കുമാർ, ചന്ദ്രൻ കാണി, പി വി നിസാർ, ഇ കെ സുധീഷ് ബാബു, എം ഷീന, പി പി ദേവിക എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.
അഞ്ച് ട്രേഡുകളിലെ 12 യൂണിറ്റുകളിലായി 280 പെൺകുട്ടികൾക്കാണ് വനിതാ ഐടിഐയിൽ പരിശീലനം നൽകി വരുന്നത്.