കണ്ണൂർ നഗരത്തിലെ കന്നുകാലി ശല്യം പരിഹരിക്കാൻ മന്ത്രിയുടെ നിർദേശം; രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചതായി കോർപറേഷൻ

0

ജില്ലാ ആസ്ഥാനത്ത് നഗരകേന്ദ്രത്തിലെ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും വാഹനയാത്രക്കാരും അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് രജിസ്‌ട്രേഷൻ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം നൽകി. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ കായിക താരങ്ങളായ വിദ്യാർഥിനികൾ ഉൾപ്പെടെ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്‌നം മന്ത്രി ഉന്നയിച്ചു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനായി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചതായി കണ്ണൂർ കോർപറേഷൻ അറിയിച്ചു. കന്നുകാലികളെ പിടികൂടുന്നതിനുള്ള പ്രതിഫലം 5,000 രൂപയായി ഉയർത്താനും 5,000 രൂപ പിഴ ഈടാക്കാനും 1,000 രൂപ ഭക്ഷണ ചെലവിലേക്ക് ഈടാക്കാനും കോർപറേഷൻ സ്ഥിരം സമിതി തീരുമാനിച്ചിട്ടുണ്ട്. ആകെ 11,000 രൂപ ഉടമയിൽനിന്ന് ഈടാക്കും.

സർക്കസ് കലാകാരൻമാരുടെ പെൻഷൻ 1600 രൂപയായി ഉയർത്തിയതിന്റെ ഉത്തരവ് ഇല്ലാത്ത പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിയാരം മെഡിക്കൽ കോളജിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം പ്രവൃത്തി പൂർത്തീകരിച്ചതിനാൽ തുറന്നുകൊടുത്ത് ഉടൻ പ്രവർത്തനം തുടങ്ങാൻ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. പരിയാരം മെഡിക്കൽ കോളജിൽ എല്ലാ വകുപ്പിലും ഡോക്ടർമാരെ നിയമിച്ച് രോഗികൾ അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണൻ ആവശ്യപ്പെട്ടു.

മറ്റ് നിർദേശങ്ങൾ, തീരുമാനങ്ങൾ: ശ്രീകണ്ഠപുരം നഗരസഭയിലെ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ഉടമയ്ക്ക് നിർദേശം നൽകിയതായും സ്ഥിരമായി നിർത്തിവെക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയതായും നഗരസഭ സെക്രട്ടറി അറിയിച്ചു. മറുപടി പരിശോധിച്ചാവും തുടർനടപടി.

തലശ്ശേരി കുയ്യാലി പാലത്തിന് സമീപം റെയിൽവേ മേൽപ്പാലം പദ്ധതി ആസൂത്രണ ഘട്ടത്തിലാണെന്നും അലൈൻമെൻറ് അന്തിമമായിട്ടില്ലെന്നും കെഎസ്ടിപി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. റെയിൽവേ-കെഎസ്ടിപി സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച എട്ട് ഏക്കറിലേക്ക് 75 മീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കണമെന്ന ആവശ്യം സംബന്ധിച്ച് ഒക്‌ടോബർ ഏഴിന് സബ് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും. കൂത്തുപറമ്പ് നഗരസഭ സ്‌റ്റേഡിയം പാട്ടത്തിന് വിട്ടുകിട്ടുന്നതിനായി നഗരസഭ തലശ്ശേരി താലൂക്കിൽ നൽകിയ അപേക്ഷ ജില്ലാ കലക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് സമർപ്പിച്ചു.


തലശ്ശേരി-മാഹി ബൈപാസിൽ കണ്ണൂർ ജില്ലയിലെ നാല് സ്ഥലങ്ങളിലെ സർവീസ് റോഡ് സ്ഥലമെടുപ്പ് മുടങ്ങിയതിനാൽ പൂർത്തിയാക്കാനായില്ല. അതിനാൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഈ ഭാഗം താൽക്കാലികമായി അടച്ചു. ഈ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു. സർവീസ് റോഡിന്റെ ബാക്കി വന്ന പ്രവൃത്തിയുടെ പദ്ധതി ലേലഘട്ടത്തിലാണെന്ന് എൻഎച്ച്എഐ അറിയിച്ചു.

പാനൂർ കടവത്തൂർ തീപിടിത്തത്തിൽ വ്യാപാരികൾക്ക് നഷ്ട പരിഹാരം നൽകുന്നതിനായി നാശനഷ്ടങ്ങൾ സംബന്ധിച്ച് തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ചതായി ഡെപ്യൂട്ടി കലക്ടർ (ഡിഎം) അറിയിച്ചു. ഇതിൽ തുടർനടപടി സ്വീകരിക്കും.

കല്യാട് ചെങ്കൽ ഖനനത്തിനെതിരെ 95 കേസുകളിൽ നടപടി സ്വീകരിച്ചുവരുന്നു. 2024-25 സാമ്പത്തിക വർഷം 10,21,640 രൂപ അനധികൃത ഖനനത്തിന് റോയൽറ്റി ഇനത്തിൽ സർക്കാറിലേക്ക് ഈടാക്കിയതായി ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.
തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കണ്ണൂർ, പയ്യന്നൂർ, ഇരിട്ടി താലൂക്കുകളിലെ തരംമാറ്റം കൈകാര്യം ചെയ്യാനായി മൂന്ന് ജൂനിയർ സൂപ്രണ്ടുമാരേയും ആറ് ക്ലാർക്കുമാരേയും കലക്ടററ്റേിൽ പുനർവിന്യസിച്ച് പ്രത്യേക സെക്ഷൻ തുടങ്ങി. തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലെ ഫയൽ അതത് ആർഡിഒയിൽ കൈകാര്യം ചെയ്യുന്നു. പാനൂർ നഗരസഭയിൽ നാല് അങ്കണവാടികളുടെ പ്രവൃത്തി പൂർത്തിയായി.

ജില്ലാ ശുചിത്വ മിഷന്റെ ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് കലക്ടറേറ്റ് വളപ്പിൽ ടോയ്‌ലറ്റ് കോംപ്ലക്‌സിന് പദ്ധതി തയ്യാറാക്കിയാതായി ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസിസ്റ്റൻറ് കലക്ടർ ഗ്രന്‌ഥേ സായികൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *