അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ
അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ പുരോഗമിക്കുന്നു. 2025 മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർമ്മാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ കെ വി സുമേഷ് എംഎൽഎ നിർദേശം നൽകി.
നിലവിൽ ചുറ്റുമതിൽ നിർമാണം പൂർത്തീകരിച്ചു. ആകെ 45 ശതമാനം പ്രവൃത്തി പൂർത്തിയായി. ഫിഷറീസ് ഓഫീസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, കടമുറികൾ, സാഫ് പ്രോസസിങ് യൂണിറ്റ്, ലോക്കർ മുറികൾ, നെറ്റ് മെന്റിങ് കെട്ടിടം, ഫിഷ് പ്രോസസിങ് യൂനിറ്റ്, കാന്റീൻ കെട്ടിടം, ശുചിമുറികൾ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പ്രവൃത്തി വേഗതയിൽ പുരോഗമിക്കുന്നു. റോഡ് പാർക്കിങ് ഏരിയ, ഡ്രൈനേജ് പ്രവൃത്തികളും ഇതോടൊപ്പം നടക്കും. ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ഹാർബർ ആധുനികവത്കരണത്തിന് 25.36 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
യോഗത്തിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഹാർബർ എൻജിനിയറിങ് എക്സിക്യൂട്ടീവ് എൻജിനീയർ ലിൻഡ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ എൻ വിനയൻ, അസി. എൻജിനിയർ സുനിൽകുമാർ, ഓവർസിയർ ഇ നിവ്യ എന്നിവരും പങ്കെടുത്തു.