ഓണപ്പാട്ടും കളികളുമായി സൗഹൃദ പൂക്കളം വിടർന്നു
ജീവിതത്തിന്റെ സായംകാലത്ത് പരസ്പരം തുണയാകുന്നവർ തീർത്ത സൗഹൃദത്തിന്റെ പൂക്കളം വിടർന്നു. ഓർമ്മകൾ ഊഞ്ഞാലാടുമ്പോഴും കണ്ണുകൾ നനയാതെ അവർ പാട്ടും കളികളുമായി ചുവടുവെച്ചു. ‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ, കുയിലാളേ, കൊട്ടുവേണം കുഴൽ വേണം’എന്ന വഞ്ചിപ്പാട്ട് മധുവേട്ടൻ പാടിയപ്പോൾ അവരെല്ലാം കൈയടിച്ച് കൂടെപ്പാടി. ഓണത്തിന്റെ ഓർമ്മകളെല്ലാം അവരുടെ മനസ്സിൽ ആർപ്പോ വിളിച്ചെത്തിയെന്ന് ആ മുഖങ്ങളിൽനിന്ന് വായിച്ചെടുക്കാം. ജില്ലാ സാമൂഹ്യ നീതി വകുപ്പ് കണ്ണൂർ ചാൽ ഗവ. വൃദ്ധസദനത്തിൽ നടത്തിയ ഓണാഘോഷം അന്തേവാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് മനംനിറക്കുന്നതും മനോഹരവുമായി തീർന്നു. വൃദ്ധമന്ദിരത്തിൽ രാവിലെ മുതൽ ഓണപൂക്കളം ഒരുക്കിയും ഓണപാട്ടുകളിലും ഓണക്കളികളിലും പങ്കെടുത്തും സ്വാദിഷ്ടമായ ഓണസദ്യ കഴിച്ചും വൃദ്ധ സദനത്തിലെ അന്തേവാസികളും ജീവനക്കാരും സജീവമായിരുന്നു. 34 സ്ത്രീകളും 23 പുരുഷൻമാരും ഉൾപ്പെടെ ആകെ 57 അന്തേവാസികളാണ് വൃദ്ധമന്ദിരത്തിൽ താമസിക്കുന്നത്.
ഓണാഘോഷം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ പി ബിജു വിശിഷ്ടാതിഥിയായി. വൃദ്ധ മന്ദിരം സൂപ്രണ്ട് പികെ നാസർ, മുതിർന്ന അന്തേവാസികളായ മൈക്കിൾ, ഗീത എന്നിവർ സംസാരിച്ചു.