കെ.മുരളീധന്റെ തോൽവി; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധന്റെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത്. തോൽവിക്ക് കാരണം സിപിഎം – ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും അന്വേഷണ കമ്മീഷൻ അംഗം കെ.സി.ജോസഫ് പറഞ്ഞു. തൃശൂർപൂരം മുൻകൂട്ടി ആസൂത്രണം ചെയ്ത് കലക്കിയതാണെന്ന് കെപിസിസി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പരാജയ കാരണങ്ങൾ സംബന്ധിച്ച സമഗ്രമായ പഠനമാണ് കെപിസിസി സമിതി നടത്തിയത്.
റിപ്പോർട്ട് ആരും പൂഴ്ത്തിവെച്ചിട്ടില്ലെന്ന് കെ.സി.ജോസഫ് പറഞ്ഞു. കെപിസിസി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ടിന്റെ പേരിൽ നടപടിയെടുക്കും. സിപിഐ സ്ഥാനാർഥി സുനിൽ കുമാറിനെ ബലികൊടുത്ത് ബിജെപിയെ സഹായിക്കാൻ സിപിഎം ശ്രമിച്ചത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപി - സിപിഎം അന്തർധാര മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം ലഭിച്ച താന്ന്യം, ചാഴൂർ, അന്തിക്കാട്, തളിക്കുളം, വലപ്പാട്, ആവിണിശ്ശേരി, മുല്ലശ്ശേരി, എളവള്ളി, പാറളം, വല്ലച്ചിറ, നാട്ടിക, നെന്മണിക്കര, പടിയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തെ പിന്തള്ളി സുരേഷ്ഗോപി ഒന്നാം സ്ഥാനത്ത് വന്നു. ഇടത് സ്ഥാനാർഥി സുനിൽകുമാർ, മന്ത്രി കെ.രാജൻ, എംഎൽഎമാരായ സി.സി.മുകുന്ദൻ, പി.ബാലചന്ദ്രൻ മുൻമന്ത്രി കെ.പി.രാജേന്ദ്രൻ എന്നിവരുടെ നാടായ അന്തിക്കാട് പഞ്ചായത്തിൽ പോലും എൽഡിഎഫിനേക്കാൾ ലീഡ് ബിജെപിക്ക് ലഭിച്ചു. ഇത് അന്തർധാരയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.