ഡിജിറ്റൽ ലൈസൻസുകൾ; നീക്കവുമായി മോട്ടോർ വാഹന വകുപ്പ്
പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഡിജിറ്റൽ ലൈസൻസുകൾ ആവിഷ്കരിക്കാൻ തീരുമാനം. ചിത്രവും, ക്യു.ആർ.കോഡുമുള്ള ഡ്രൈവിങ് ലൈസൻസുകളാണ് ലഭ്യമാക്കുന്നത്. മൊബൈൽ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. കാര്ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്സ് ഫീസ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റലാക്കുന്നതോടെ ലൈസൻസിന്റെ ഒറിജില്‍ പകർപ്പ് വിതരണം ചെയ്യുന്നത് നിർത്തലാക്കും. ഡ്രൈവിങ് ലൈസൻസ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനാണ് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള ശുപാർശ ഗതാഗത മന്ത്രിക്ക് സമർപ്പിച്ചത്. ഡിജിറ്റലാക്കുന്നതോടെ ലൈസൻസ് കയ്യില്‍ കിട്ടാനുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകും. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റല്‍ ലൈസൻസും കയ്യില്‍ കിട്ടും.