വെള്ളമടിച്ച് ആശുപത്രി കുളിമുറിയിൽ ബോധം കെട്ട് കിടന്നു: മരിച്ചെന്ന് ഡോക്ടർമാർ ; പോസ്റ്റുമോർട്ടത്തിന് മുമ്പ് എഴുന്നേറ്റിരുന്ന് മരിച്ചയാൾ
ഡോക്ടർ മരിച്ചെന്ന് വിധിയെഴുതി പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ മരിച്ചയാൾ എഴുന്നേറ്റിരുന്നു.ബിഹാറിലെ നളന്ദ ജില്ലയിലെ സദർ ആശുപത്രിയിലാണ് സംഭവം നടന്നത്.രാകേഷ് എന്ന ആളാണ് പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കണ്ണുതുറന്നത്.
ആശുപത്രിയിൽ കിടക്കുന്ന ബന്ധുവിനെ കാണാനെത്തിയ രാകേഷ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു.ഇയാൾ ആശുപത്രിയിലെ കുളിമുറിയിൽ കയറിയും വെള്ളമടിച്ചു. ഇതോടെ ബോധം കെട്ട് വീണു . ശുചീകരണ തൊഴിലാളികൾ എത്തി വാതിലിൽ മുട്ടിയപ്പോൾ പ്രതികരിച്ചില്ല. തുടർന്ന് ആശുപത്രി ജീവനക്കാർ വാതിൽ തള്ളിത്തുറന്നപ്പോൾ വീണുകിടക്കുന്ന രാകേഷിനെയാണ് കണ്ടത്. ഇതോടെ സംഭവം പൊലീസിനെ അറിയിച്ചു.മരിച്ചതായി ഡോക്ടറും സ്ഥിരീകരിച്ചു.
ഫോറൻസിക് സംഘമെത്തി പരിശോധനയും നടത്തി പോസ്റ്റുമോർട്ടം നടപടി നടക്കവെയാണ് രാകേഷ് കണ്ണ് തുറന്നത്. വെള്ളമടിച്ച് ഉറങ്ങിപ്പോയതാണെന്നും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഇയാൾ പറഞ്ഞതോടെയാണ് സംഭവത്തിൻറെ ചുരുളഴിഞ്ഞത്.വിശദമായ പരിശോധനയിൽ രാകേഷിന് ആരോഗ്യപ്രശ്നമില്ലെന്ന് കണ്ടെത്തി.പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഡോ. ജിതേന്ദ്രകുമാർ സിങ്ങ് ആണ് രാകേഷ് മരിച്ചതായി പറഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു.