അഞ്ചാം തവണയും തിളങ്ങി ഇന്ത്യ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്
ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒറ്റ ഗോളിന് കീഴടക്കിയാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ നിലനിർത്തിയത്. അഞ്ചാം തവണയണ് ഇന്ത്യ ചാമ്പ്യന്മാരാക്കുന്ന ത്. ഹർമൻപ്രീത് സിങ്ങിന്റെ അസിസ്റ്റിൽ ജുഗ് രാജ് സിങ്ങാണ് ഇന്ത്യക്കായി 51ാം മിനിറ്റിൽ നിർണായക ഗോൾ നേടിയത്. .മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ചൈനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയെ ആദ്യ മൂന്ന് പകുതിയിലും ചൈന ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടുകയായിരുന്നു. എന്നാൽ, അവസാന ക്വാർട്ടറിൽ ജുഗ് രാജ് സിങ് രക്ഷകനായി അവതരിച്ചതോടെ ഇന്ത്യ ഒരിക്കൽകൂടി കിരീടത്തിലെത്തി. പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് മറ്റൊരു നേട്ടം ഇന്ത്യൻ ടീമിനെ തേടിയെത്തുന്നത്.
2011, 2016, 2018, 2021 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ചാമ്പ്യന്മാരായത്. 2018ൽ ഇന്ത്യയും പാകിസ്താനും കിരീടം പങ്കിടുകയായിരുന്നു.കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്‍റെ ഇരട്ട ഗോൾ മികവിൽ ദക്ഷിണ കൊറിയയെ 4-1ന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. അതേസമയം, ആദ്യ സെമിയില്‍ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ചൈന ഫൈനലുറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ടൂർണമെന്റിലുടനീളം വ്യക്തമായ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകർത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്കോറില്‍ കീഴടക്കി. മലേഷ്യക്കെതിരെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം.