അന്ന സെബാസ്റ്റ്യൻ മരണം; കുടുംബത്തിന്റെ പരാതി പാർലമെൻറിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി
പൂനെ EY യിൽ അമിത ജോലിഭാരത്തെ തുടർന്ന് മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. മരണം ജോലി സമ്മർദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി പാർലമെൻറിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. വീഡിയോ കോളിലൂടെയായിരുന്നു കുടുംബവുമായി സംസാരിച്ചത്. പൂനെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന ജൂലായ് 20നായിരുന്നു ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണപ്പെടുന്നത്.
അതേസമയം, അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അന്നയുടെ മരണത്തിൽ കമ്മിഷൻ അതീവ ആശങ്ക രേഖപ്പെടുത്തി. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
അമിത ജോലിഭാരം തന്റെ മകളുടെ ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ EY ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് കത്തയച്ചതിന് പിന്നാലെയാണ് ഈ സംഭവം വലിയ ചർച്ചയാവുന്നത്. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.