നിപ : മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുറന്നു; ആശുപത്രിയിൽ നിയന്ത്രണം
മലപ്പുറത്ത് നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ഒരുക്കി. നിപാ ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കളായ 10 പേര്‍ ഇവിടെ നിരീക്ഷണത്തിലാണ്. പേവാർഡ് ബ്ലോക്കാണ് ഐസൊലേഷൻ വാർഡാക്കിയത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മാറ്റി. പുരുഷ വാർഡ് ഐസിയുവാക്കിയും ക്രമീകരിച്ചു. കൂടുതൽ രോഗികൾ എത്താനിടയായാൽ കൂടുതൽ കിടക്കകള്‍ ഒരുക്കും. ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനവും ഒരുക്കി.
നിപാ സാന്നിധ്യമുണ്ടായ മേഖലയിൽനിന്ന് എത്തുന്നവരെയും മരിച്ച യുവാവുമായി രണ്ടാംസമ്പർക്കത്തിലുള്ളവരെയും പരിചരിക്കുന്നതിനാണ് ട്രയേജ് സംവിധാനം ഏർപ്പെടുത്തിയത്. രോഗിയുടെ ശരീര താപനില, ഓക്‌സിജൻ ലെവൽ, രക്തസമ്മർദം തുടങ്ങിയ വിവരങ്ങൾ ആദ്യം രേഖപ്പെടുത്തും. നഴ്‌സിങ് സൂപ്രണ്ടോ അത്യാഹിത വിഭാഗം ഹെഡ് നഴ്‌സോ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സിനോ ആയിരിക്കും ഇതിന്റെ ചുമതല. പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചു. ഡോ. നിഖിൽ വിനോദാണ് നോഡൽ ഓഫീസർ. ജീവനക്കാർക്ക് പരിശീലനം നൽകി. ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കും. രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനേ അനുവദിക്കൂ. പാസ് മുഖേന ഒരുമണിക്കൂറാണ് സന്ദര്‍ശന സമയം.