മലപ്പുറത്തെ എംപോക്‌സ് സ്ഥിരീകരിച്ചത് പുതിയ വകഭേദം
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ ക്ലേഡ് 1ബി വകഭേദം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെതാണ് സ്ഥിരീകരണം. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ എം പോക്സ് 1 ബി വിഭാഗത്തിൽ ഉൾപ്പെടുന്ന വൈറസാണ് കേരളത്തിൽ കണ്ടെത്തിയത്. രാജ്യത്ത് നേരത്തെ റിപ്പോർട്ട് ചെയ്ത 2 ബി വിഭാഗത്തിൽ വൈറസിനെക്കാൾ മരണനിരക്കും രോഗാവസ്ഥയും കൂടുതലാണ് ഇതിന്. എന്നാൽ രോഗവ്യാപന ശേഷി കുറവും. പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച 38 കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇയാളുമായി സമ്പർക്കം ഉണ്ടായിരുന്ന 27 പേരാണ് സ്വയം നിരീക്ഷണത്തിലുള്ളത്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കുമൊന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.