കുറ്റ്യാടി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം; വലഞ്ഞ് ജനങ്ങൾ
കുറ്റ്യാടി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. രാവിലെയും വൈകിട്ടുമാണു മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പേരാമ്പ്ര റോഡ്, മരുതോങ്കര റോഡ്, വടകര റോഡ് തൊട്ടിൽപാലം റോഡ് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ടൗൺ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞു പോകാൻ കഴിയാതെ വരുമ്പോഴാണു ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
പാർട്ടികളോ മറ്റു സംഘടനകളോ പ്രകടനമോ പൊതുയോഗമോ നടത്തിയാൽ കുരുക്കു മണിക്കൂറുകൾ നീളും. തൊട്ടിൽപാലം റോഡിലെ കുണ്ടിലും കുഴിയിലും ചാടി വാഹനങ്ങൾ വേഗം കുറച്ചു പോകുന്നതാണ് ഇപ്പോൾ കുരുക്കിനു പ്രധാന കാരണം. മാത്രമല്ല ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാത വീതി കൂട്ടി നിർമിച്ചതോടെ തൊട്ടിൽപാലം റോഡിൽ വീതി കുറഞ്ഞു. അശാസ്ത്രീയമായിട്ടാണ് നടപ്പാത നിർമാണം നടത്തുന്നതെന്നാണു വ്യാപാരികൾ ഉൾപ്പെടെ പരാതിപ്പെടുന്നത്.
നടപ്പാത പൊളിച്ചു മാറ്റി തൊട്ടിൽപാലം റോഡിന്റെ വീതി കൂട്ടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഹോം ഗാർഡും പൊലീസും പണിപ്പെട്ടാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ തുടക്കമിട്ട ബൈപാസ് റോഡിന്റെ നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല.