ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. 38-ാം വയസിലാണ് വിരമിക്കല്‍ തീരുമാനം. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് ശിഖര്‍ ധവാന്‍. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. 2010ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്നത്. വിശാഖപട്ടണത്ത് അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായിരുന്നു ധവാന്റെ കന്നി മത്സരം. ആ കളിയില്‍ തിളങ്ങാനായില്ലെങ്കിലും 2013ല്‍ അദ്ദേഹം കൂടുതല്‍ പവറോടെ തിരിച്ചുവന്നു. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹം ഗംഭീരമായി സെഞ്ച്വറി നേടി. 85 പന്തിലായിരുന്നു ആ സെഞ്ച്വറി നേട്ടം.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓപ്പണര്‍മാരില്‍ ഒരാളായി മാറാന്‍ ശിഖര്‍ ധവാന് അധികനാള്‍ വേണ്ടിവന്നില്ല. ബിഗ് മാച്ച് പ്ലെയറായിരുന്നു എല്ലാക്കാലത്തും ധവാന്‍. 2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ പ്രധാനപ്പെട്ട കളിക്കാരനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2015 ഏകദിന ലോകകപ്പിലേയും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ശിഖര്‍ ധവാനായിരുന്നു.