മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് മേപ്പാടി വൈത്തിരി മേഖലയിൽ വീട് കിട്ടാനില്ലാത്തതാണ് ദുരന്തബാധിതർക്ക് പ്രതിസന്ധിയാകുന്നത്.ചൂരൽമല സ്വദേശിയാണ് രേവതി. പുതുതായി നിർമ്മിച്ച വീട് പൂർണമായും ഉരുൾ കൊണ്ടുപോയി. മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ നിന്ന് സ്വമേധയാ വാടക വീട് കണ്ടെത്താനാണ് പറയുന്നത്. അന്വേഷിച്ചു നടക്കാത്ത സ്ഥലമില്ലെന്ന് പറഞ്ഞ രേവതി ആശങ്ക പങ്കുവെച്ചു.
സർക്കാർ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേയ്ക്ക് എന്നുമുതൽ മാറാം, മേപ്പാടി വൈത്തിരി തുടങ്ങിയ സമീപപ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നവരുടെ മുൻഗണന എങ്ങനെയാണ്, വാടക ഇനത്തിൽ നൽകുന്ന 6000 രൂപ എത്ര കാലം സർക്കാർ നൽകും എന്നീ കാര്യങ്ങളിലും വ്യക്തത വരണം. 975 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. 404 പേർ സ്വമേധയാ കണ്ടെത്തിയ വാടകവീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ മടങ്ങി. ക്യാമ്പിൽ ഉള്ള ആളുകൾക്ക് അനുസരിച്ച് വാടകവീട് കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായെന്ന് ടി. സിദ്ധിഖ് എംഎൽഎ പറഞ്ഞു.