ഇന്ന് 78-ാം സ്വാതന്ത്ര്യദിനം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓർക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്‍വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പറഞ്ഞു.