വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ബോണസ് തർക്കം പരിഹരിച്ചു

ജില്ലയിലെ ബേക്കറി  തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് തർക്കം ഒത്തു തീർന്നു.  ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെ യോഗത്തിൽ മാസ ശമ്പളം 7000 രൂപ സീലിങ്ങ് കണക്കാക്കി അതിന്റെ 20 ശതമാനം ബോണസും, അതോടൊപ്പം 2700 രൂപ എക്‌സ്ഗ്രേഷ്യയും നൽകാൻ തീരുമാനമായി.  യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് യു പി ഷബിൻ കുമാർ, എം.കെ രഞ്ചിത്ത്, യൂനിയനുകളെ പ്രതിനിധീകരിച്ച് കെ വി രാഘവൻ, പി കൃഷ്ണൻ, ലാലു കുന്നപ്പള്ളി, പി ഇസ്മയിൽ, കെ വി ജഗദീഷൻ, എം ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

ശിൽപശാല

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന്റെ ആഭിമുഖ്യത്തിൽ വകുപ്പ് മുഖേന സബ്‌സിഡിയോടെ നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ശിൽപശാല മട്ടന്നൂർ നഗരസഭ സി ഡി എസ് ഹാളിൽ ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 0490 2474700

കണ്ണൂരിൽ സംസ്ഥാനതല കൈത്തറി  മേളക്ക് തുടക്കമായി

ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള സംസ്ഥാനതല കൈത്തറി വസ്ത്ര, കരകൗശല പ്രദർശന – വിപണന മേള കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ,  ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ്  അജിമോൻ,  സുരേഷ് ബാബു എളയാവൂർ, കൊല്ലൊൻ മോഹനൻ, താവം ബാലകൃഷ്ണൻ, എം ദാസൻ, ടി ശങ്കരൻ, എസ് കെ സുരേഷ് കുമാർ, ഗിരി വർമ്മ എന്നിവർ സംസാരിച്ചു.
കേരളത്തിലെ പ്രമുഖ കൈത്തറി സംഘങ്ങൾ, ഹാൻ്റക്സ്, ഹാൻവീവ് എന്നിവക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി, കരകൗശല സംഘങ്ങളുടേതടക്കം  ആകെ 63 സ്റ്റാളുകളാണ് മേളയിലുള്ളത്. ആറെണ്ണം കര കൗശല സ്റ്റാളുകളാണ്. മേള സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കും.
നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്മെന്റ്  പ്രോഗ്രാം സ്കീമിൽ ഉൾപ്പെടുത്തി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൈത്തറി ഡയറക്റ്ററേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്  മേള സംഘടിപ്പിച്ചിരിക്കുന്നത്.
കൈത്തറി മുണ്ടുകൾ ബെഡ്ഷീറ്റുകൾ, സാരികൾ, പട്ടുസാരികൾ മറ്റു വിവിധയിനം കൈത്തറി, കരകൗശല ഉത്പന്നങ്ങൾ തുടങ്ങി നൂറിലധികം ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.
മേളയിൽ നിന്ന് വാങ്ങുന്ന കേരള കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20% സർക്കാർ റിബേറ്റ് ലഭിക്കും. കൂടാതെ മേളയിൽ പങ്കെടുക്കുന്ന കേരളത്തിലെ കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളിൽ നിന്നും ആയിരം രൂപയുടെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് നൽകുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ ദിവസവും മൂന്ന് ഭാഗ്യശാലികൾക്ക് ആയിരം രൂപ വിലമതിക്കുന്ന കൈത്തറി ഉത്പന്നങ്ങൾ സമ്മാനമായി നൽകും. മേളയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന മൂന്നു പേരെ മേളയുടെ അവസാനം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് ആയിരം രൂപയുടെ വീതം കൈത്തറി ഉത്പന്നങ്ങൾ സമ്മാനമായി  നൽകും.

ഓണ്‍ലൈന്‍ ശില്പശാല

കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ സൗജന്യ  ഓണ്‍ലൈന്‍ ശില്പശാല  ആഗസ്റ്റ് 28 ന് വൈകുന്നേരം ഏഴ് മണി മുതല്‍ എട്ട് മണി വരെ നടത്തും.  ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ : 9072592412, 9072592416

വയോജനങ്ങൾക്ക് ആയുർവേദ മെഡിക്കൽ ക്യാമ്പ്

60 വയസ്സിന് മേലെ പ്രായമുള്ള വയോജനങ്ങൾക്ക് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ചാല എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആഗസ്റ്റ് 27 ന് രാവിലെ 10 മണി മുതൽ ഒരു മണിവരെ കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ചെമ്പിലോട് ഗ്രാമ പഞ്ചായത്തിന്റെയും, ചെമ്പിലോട് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്: ഫോൺ : 0497 2822042

രേഖകൾ ഹാജരാക്കണം

മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർക്ക് 2023 ഏപ്രിൽ മാസം മുതലുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് നീലേശ്വരത്തെ കാസർകോട് ഡിവിഷൻ ഓഫീസിൽ സെപ്റ്റംബർ അഞ്ചിന് മുമ്പായി ഹാജരാക്കണം.

കിക്മ എം.ബി.എ അഭിമുഖം 27ന്

സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024-26 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 27 ചൊവ്വ രാവിലെ 10 മുതൽ 12.30 വരെ കണ്ണൂർ കാൽടെക്‌സ് സമീപം ചേനോളി കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ അഭിമുഖം നടത്തുന്നു.
കേരള സർവകലാശാലയുടെയും, എഐസിടിയുടെയും അംഗീകാര ത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്‌സ്, അനലിറ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് വിഭാഗക്കാർക്കും എസ്‌സി, എസ്ടി വിദ്യാർഥികൾക്കും സർക്കാർ, യൂനിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പിപ്പും പ്രത്യേക സീറ്റ് സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
50% മാർക്കിൽ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ  8547618290/9447002106 എന്നീ നമ്പരിലും www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

റസിഡന്റ് ട്യൂട്ടർ: വാക്-ഇൻ-ഇന്റർവ്യൂ

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐടിഡിപി ഓഫീസിൽ നടക്കും. യോഗ്യത: ബിരുദം/ടിടിസി/ബിഎഡ്.   പട്ടികവർണ ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത പക്ഷം പട്ടികജാതി/മറ്റ് പിന്നോക്ക വിഭാഗക്കാരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ : 0497 2700357

വാക്-ഇൻ-ഇന്റർവ്യൂ

കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഒഴിവുള്ള പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും.  പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളതും 40 വയസ്സ് കൂടാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി / പ്ലസ് ടു, റസിഡൻസ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലുകളും, പകർപ്പുകളും സഹിതം ഹാജരാകണം.  ഫോൺ: 0497 2700596

മറൈൻ ഫിറ്റർ കോഴ്‌സ്

അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ കോഴ്‌സുകൾ 2020ലോ അതിന് ശേഷമോ പാസായ കുട്ടികൾക്കാണ് അവസരം. ആറ് മാസത്തെ കോഴ്സിലെ ആദ്യ രണ്ടു മാസം അടൂർ ഗവ. പോളിടെക്ക്നിക്ക് കോളേജിലും തുടർന്നുള്ള നാല്  മാസം കൊച്ചിൻ ഷിപ്പ്യാർഡ് ക്യാമ്പസിലുമാണ് പരിശീലനം. തുടർന്ന് ആറ് മാസം ഓൺ ജോബ് ട്രെയ്‌നിങ്ങും ഉണ്ടാകും. കൊച്ചിൻ ഷിപ്പ്യാർഡിലെ പരിശീലന/ഓൺ ജോബ് ട്രെയിനിംഗ് സമയത്ത് നിശ്ചിത സ്റ്റൈപ്പെൻഡും വിദ്യാർഥികൾക്ക് ലഭിക്കും.14514 രൂപയാണ് ഫീസ്. ക്രിസ്ത്യൻ, മുസ്ലിം, ജൈന, പാഴ്സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികൾക്ക് 100 ശതമാനം ന്യൂനപക്ഷ സ്‌കോളർഷിപ്പോടെ സൗജന്യമായി പഠിക്കാൻ കഴിയും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 25. ഫോൺ: 7736925907, 9495999688 വെബ്‌സൈറ്റ് www.asapkerala.gov.in

About The Author

Leave a Reply

Your email address will not be published. Required fields are marked *