വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പരാതി പരിഹാര സമ്പര്‍ക്ക പരിപാടി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികട്-ജില്ല വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 27 ന് നടക്കും.   രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ  പിണറായി ബീഡി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി,  കാസർകോട്  അതിയമ്പൂര്‍ ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.  ഇപിഎഫ് / ഇസ്‌ഐ അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും, ഇ പി എഫ് പെന്‍ഷണര്‍മാര്‍ക്കും, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും  ആവശ്യമായ രേഖകള്‍ സഹിതം പങ്കെടുക്കാം.

ഓണം മേള : സ്റ്റാളുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ഓണത്തിനോടനുബന്ധിച്ച് കണ്ണൂരില്‍ കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും.  ജില്ലയിലെ  വിവിധ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂണിറ്റുകള്‍, പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവർക്ക് മേളയില്‍ പങ്കെടുക്കാo. സ്റ്റാളുകള്‍ ആവശ്യമുള്ള  യൂണിറ്റുകള്‍ ആഗസ്റ്റ് 21 ന് മുമ്പായി അപേക്ഷ നല്കണം.  അപേക്ഷ ഫോറങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത്  എന്നിവടങ്ങളിൽ നിന്നും ലഭിക്കും.  ഫോണ്‍ 9048265159, 8593958881  .

അലങ്കാരമത്സ്യകൃഷി

ഫിഷറീസ് വകുപ്പും പട്ടികവർഗ്ഗവികസനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന മീഡിയം സ്കെയിൽ അലങ്കാരമത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ് ടി വിഭാഗത്തിൽ പ്പെട്ടവരും, ചുരുങ്ങിയത് മത്സ്യകൃഷിക്ക് യോഗ്യമായ നാല് സെന്റ് സ്ഥലം ഉള്ളവരുമായിരിക്കണം. അപേക്ഷ ഫോറം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭ്യമാണ്.  അവസാന തീയ്യതി ആഗസ്റ്റ് 22.ഫോൺ:0497 2731081.

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ സ്‌പെഷ്യലിസ്റ്റ്  ഡോക്ടർമാർ, എന്റമോളജിസ്റ്റ് , മെഡിക്കല്‍ ഓഫീസര്‍, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, എപിഡമോളജിസ്റ്റ്, ഡാറ്റാ മാനേജര്‍,  ആര്‍ ബി എസ്‌ കെ നഴ്‌സ് / ജെപിഎച്ച്എന്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്ക്
www.arogyakeralam.gov.in  എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ആഗസ്റ്റ് 20 വൈകിട്ട് 5 മണി വരെ.  ഫോണ്‍ : 0497 2709920.

ഐടിഐ കോഴ്‌സുകള്‍

കണ്ണൂര്‍ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സിസിടിവി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വ്വെ, ടോട്ടല്‍ സ്‌റ്റേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 9745479354

ലേലം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടി  കുറ്റ്യാട്ടൂർ  അംശം ദേശത്തു റി.സ.  നും 291/12 ല്‍ പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലം ആഗസ്റ്റ് 22 ന് രാവിലെ 11.30 ന് കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

പിണറായി എഡ്യൂക്കേഷണൽ ഹബ്ബ് ശിലാസ്ഥാപനം 23 ന് മുഖ്യമന്ത്രി നിർവഹിക്കും

പിണറായി എഡ്യൂക്കേഷണൽ ഹബ്ബ് ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 23 രാവിലെ 10 മണിക്ക് നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 15 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പിണറായി കൺവെൻഷൻ സെൻ്ററിൽ ചേരും.

ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി നിർവഹിക്കും

എം എൽ എ ഫണ്ടിൽ ഉൾപ്പെടുത്തി അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ വായനശാലകൾക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചിറക്കൽ ബാങ്ക് ഹാളിൽ നിർവഹിക്കും. കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും.

ഓണാഘോഷം :  പരിശോധന ശക്തമാക്കി എക്‌സൈസ്

ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി എക്സൈസ് വകുപ്പ്.

ജില്ലാതല കണ്‍ടോള്‍ റൂം

കണ്ണൂര്‍ അസി. എക്‌സൈസ് കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ ഒരു എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷനാഫീസില്‍ ആഗസ്റ്റ് 14 രാവിലെ ആറ് മണി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.  കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കും.

സ്‌ട്രൈക്കിംഗ് ഫോഴ്‌സ്

താലൂക്ക് പരിധികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും  പ്രവര്‍ത്തിക്കുന്ന താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരടങ്ങിയതാണ് ഈ ഫോഴ്‌സ്.  ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തുന്നതാണ്.

ഇന്റലിജന്‍സ് ടിം

ജില്ലയിലെ 12 റെയിഞ്ചുകളിലും പ്രിവന്റിവ് ഓഫീസര്‍ / സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്റലിജന്‍സ് ടീമിനെ നിയോഗിച്ച് റെയിഞ്ച് പരിധിയിലെ വ്യാജമദ്യ നിര്‍മ്മാണവും, വിതരണവും, ശേഖരങ്ങളും, സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും, താമസ സ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.
നിയോജക മണ്ഡലം , താലൂക്ക് , പഞ്ചായത്തുതലത്തില്‍ ജനകീയ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ത്ത് അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധകള്‍ ശക്തമാക്കുന്നതിനായി ബോര്‍ഡര്‍  പട്രോളിംഗ് യൂണിറ്റ് 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.  പോലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്‌സ് കണ്‍ട്രോള്‍, കര്‍ണ്ണാടക എക്‌സൈസ് , പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നു സംയുക്ത പരിശോധനകള്‍ നടത്തുവാനും തീരുമാനിച്ചു.
മദ്യം, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.  മദ്യ,  മയക്കുമരുന്ന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

ഫോണ്‍ നമ്പറുകള്‍

ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം, എക്‌സൈസ് ഡിവിഷനാഫീസ്, കണ്ണൂര്‍ 04972 706698, ടോള്‍ ഫ്രീ നമ്പറുകള്‍ 1800 425 6698155358, താലൂക്ക് തല കണ്‍ട്രോള്‍ റൂം എക്‌സൈസ് സര്‍ക്കിളാഫീസുകള്‍ കണ്ണൂര്‍ 04972 749973, തളിപ്പറമ്പ് 04960 201020, കൂത്തുപറമ്പ് 04902 362103, ഇരിട്ടി 04902 472205, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍ 9496002873, 04972 749500, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍ 9400069698, 04972 749500, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ 9400069693, 04972 749973, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ 9400069701, 04972 749971, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പാപ്പിനിശ്ശേരി 9400069702, 04972 789650, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ് 9400069695, 04602 201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ് 9400069704, 04602 203960, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആലക്കോട് 9400069705, 04602 256797, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ശ്രീകണ്ഠാപുരം 9400069706, 04602 232697,  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പയ്യന്നൂര്‍ 9400069703, 04985 202340, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ് 9400069696, 04902 362103, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തലശ്ശേരി 9400069712, 04902 359808, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ് 9400069707, 04902 365260, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പിണറായി 9400069711, 04902 383050, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ന്യൂമാഹി ചെക്ക് പോസ്റ്റ് 9496499819, 04902 335000, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇരിട്ടി 04902 472205, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, മട്ടന്നൂര്‍ 9400069709, 04902 473660, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഇരിട്ടി 9400069710, 04902 494666, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പേരാവൂര്‍ 9400069708, 04902 446800, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂട്ടുപുഴ ചെക്ക് പോസ്റ്റ് 9400069713, 07902 421441.

റാങ്ക് പട്ടിക റദ്ദാക്കി

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) യുപിഎസ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 523/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 13 ന് നിലവില്‍ വന്ന 286/2021/എസ്എസ് വി നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 2024 ആഗസ്റ്റ് 13-ാം തീയതി പൂര്‍വ്വാഹ്നത്തില്‍ പ്രാബല്യത്തില്‍ ഇല്ലാതാകും വിധം 2024 ആഗസ്റ്റ് 12 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഹെൽപ്പ് ഡെസ്ക് സിറ്റിംഗ്

ഐസിഎഐ യും   ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഹെല്‍പ്പ് ഡെസ്‌കിന്റെ ആഗസ്റ്റ് മാസത്തെ സിറ്റിംഗ്  ആഗസ്റ്റ് 17 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പള്ളിക്കുന്നിലെ ഐസിഎഐ ഭവനില്‍ നടക്കും.  പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ടാക്‌സ്, ജി.എസ്.ടി, ഫിനാന്‍സ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച് സംരംഭകര്‍ക്കുള്ള സംശയങ്ങള്‍ , പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരം കാണാന്‍ ഹെല്‍പ്പ് ഡെസ്‌ക് മുഖേന സാധിക്കും.  ഫോണ്‍: 04972700928, 9645424372.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട (ചക്ലിയ / അരുന്ധതിയാര്‍, വേടന്‍, നായാടി, കള്ളാടി എന്നീ ഗുണഭോക്താക്കളില്‍ നിന്നും വിവിധ പദ്ധതികളിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം, വീടിന്റെ അറ്റകുറ്റ പണി, പഠനമുറി നിര്‍മ്മാണം, (ഏഴു മുതല്‍ 12 വരെ പഠിക്കുന്നവര്‍ക്ക്), സ്വയം തൊഴില്‍, കൃഷി ഭൂമി വാങ്ങല്‍ എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഭൂരഹിത പദ്ധതിയും, ഭവന നിര്‍മ്മാണ പദ്ധതിയും ലൈഫ് ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് നല്‍കുന്നത്.  പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഭൂമി അനുവദിച്ചവര്‍ക്കും ഭവന നിര്‍മ്മാണ ധനസഹായം നല്‍കും.  വാര്‍ഷിക വരുമാന പദ്ധതി ഒരു ലക്ഷം രൂപ. ഭവന പുനരുദ്ധാരണത്തിന് അപേക്ഷിക്കുന്നവര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനം, പുനരുദ്ധാരണം എന്നിവയ്ക്ക് ധന സഹായം ലഭിച്ചവരാകരുത്.  ഈ പദ്ധതികള്‍ക്ക് ഗ്രാമസഭ ലിസ്റ്റില്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന.  കൂടാതെ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷകള്‍ക്കായിരിക്കും ആദ്യ പരിഗണന.   അപേക്ഷകള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24. ഫോണ്‍: 0497 2700596

പി എസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റംകണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ : 503/2023) തസ്തികയിലേക്കുള്ള  തെരഞ്ഞെടുപ്പിനായി  കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  ആഗസ്റ്റ്  17 ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആര്‍ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ  നടക്കാവ് ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്  (സെന്റര്‍ നം.1391) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍  കോഴിക്കോട് കാരപ്പറമ്പ ഗവ. എച്ച്എസ്എസ് എന്ന കേന്ദ്രത്തിലും, നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസ്  (പ്ലസ് ടു സെക്ഷന്‍), നടക്കാവ് സബ്.പി.ഒ, (സെന്റര്‍ നം.1392) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഗവ. മോഡല്‍ എച്ച് എസ്എസ്  (പ്ലസ് ടു സെക്ഷന്‍) എന്ന കേന്ദ്രത്തിലും പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷ എഴുതേണ്ടതാണ്.  ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്എംഎസ് അയച്ചതായും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി:കലക്ടറേറ്റിൽ 1.12 കോടി
രൂപ  ലഭിച്ചു

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ജില്ലയിൽ നിന്നും ജൂലൈ 30 മുതൽ ആഗസ്റ്റ്  14 വരെ  കലക്ടറേറ്റിൽ ചെക്കായും,ഡിമാന്റ് ഡ്രാഫ്റ്റായും പണം ആയും 1,12,71,039 (ഒരു കോടി പന്ത്രണ്ട് ലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുപ്പത്തി ഒമ്പത് ) രൂപ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.വ്യക്തികളും സ്ഥാപനങ്ങളും ക്ലബ്ബുകളും സംഘടനകളും തുടങ്ങി നാനാവിഭാഗം ജനങ്ങൾ ഉദാരമായി സംഭാവന നൽകി വരുന്നുണ്ട്. കുട്ടികൾ തങ്ങളുടെ സമ്പാദ്യ കടുക്ക പൊട്ടിച്ച് അതിലുള്ള സമ്പാദ്യവും ദൂരിതബാധിതർക്കായി നൽകുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്.
ലഭിക്കുന്ന സംഭാവനകൾ ഓൺലൈൻ സോഫ്റ്റ് വെയറായ ‘ഇ-ഫണ്ട്സ്’ ൽ ചേർക്കുമ്പോൾ ഓൺ ലൈൻനായി ലഭിക്കുന്ന ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ രസീത് സംഭാവന നൽകുന്നവർക്ക് നൽകുന്നുണ്ട്. തുക സ്വീകരിച്ച് ഉടൻ തന്നെ രസീത് നൽകുന്നതിനായി കലക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ആറളം ഫാം സ്കൂൾ മെച്ചപ്പെടുത്താൻ വേണ്ടി അടിയന്തര ഇടപെടലിനായി 

സർക്കാരിലേക്ക് അറിയിക്കും: സബ് കലക്ടർ 

ആറളം ഫാം സ്കൂൾ മെച്ചപ്പെടുത്താൻ വേണ്ടി അടിയന്തര ഇടപെടലിനായി സർക്കാരിലേക്ക് അറിയിക്കുമെന്ന് അസി. കലക്ടർ സന്ദീപ് കുമാർ അറിയിച്ചു.

ആറളം ട്രൈബൽ റീഹാബിലിറ്റേഷൻ ആൻ്റ് ഡെവലപ്മെന്റ് മിഷനിൽ ഉൾപ്പെടുന്ന ട്രൈബൽ സ്കൂളിൽ ഊരുണർത്തൽ എന്ന പരിപാടി നടത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടഞ്ഞ് അവരെ ക്ലാസ്സിലേക്ക് തിരിച്ചു കൊണ്ടുവരുക എന്നതായിരുന്നു പരിപാടിയുടെ പ്രഥമ ലക്ഷ്യം. കൂടാതെ ഊരുണർത്തലിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ലക്ഷ്യം
കൈവരിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലാ കമ്മിറ്റി രൂപീകരിക്കാനും നിർദേശിച്ചിരുന്നു . ഇതിന്റെ ഭാഗമായി ആറളം ഫാം ജി എച്ച് എസ് എസിൽ കുട്ടികൾക്ക് സ്കൂളിൽ എത്തിപ്പെടുന്നതിന് വേണ്ടിയുള്ള വാഹനസൗകര്യവും ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും ഉറപ്പു വരുത്തുകയും പഠനനിലവാരം വിലയിരുത്തുകയും ചെയ്‌തിരുന്നുവെന്ന് സബ് കലക്ടർ അറിയിച്ചു.
പത്താം ക്ലാസിൽ നൂറ് ശതമാനം വിജയം ഉണ്ടെങ്കിലും പന്ത്രണ്ടാം ക്ലാസ് എത്തുമ്പോൾ ഈ വിജയശതാമാനം 2023 ൽ 35 ശതമാനമായും 2024 ൽ 27 ശതമാനമായും കുറഞ്ഞ സാഹചര്യമാണ് വിലയിരുത്തലിലൂടെ കാണാൻ സാധിച്ചത്. വിദ്യാർത്ഥികളുടെ മോശം ഹാജർ നിലയും ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്കും 12-ാം ക്ലാസ്സിലെ ഉയർന്ന പരാജയനിരക്കും മെച്ചപ്പെടുത്തേണ്ടത്
അനിവാര്യമായിരുന്നു. അതിനാൽ പഠനമൂല്യനിർണയം, സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം, പഠനഫലം മെച്ചപ്പെടുത്തൽnഎന്നിവയ്ക്കായി ജില്ലാ ഭരണകൂടം ആറ് മാസത്തേക്ക് ഒരു പദ്ധതി
തയ്യാറാക്കി. സ്ഥിരം ഉള്ള ക്ലാസിനു ശേഷം കേന്ദ്രീകൃത ഇടപെടലിലൂടെ വിദ്യാർത്ഥികളുടെ വായന, എഴുത്ത്, ഗണിത വൈദഗ്ധ്യം എന്നിവ മെച്ചപ്പെടുത്തുകയായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം. ബന്ധപ്പെട്ടവരുമായി ചേർന്ന് യോഗം നടത്തി പദ്ധതി തയ്യാറാക്കിയെങ്കിലും അദ്ധ്യാപകർ നിഷേധാത്മക സമീപനം സ്വീകരിക്കുകയും ഈ പദ്ധതിയെ എതിർക്കുക്കയും ചെയ്തു. ഇങ്ങനെ ചെയ്‌തതിലൂടെ വിദ്യാർത്ഥികളുടെ പഠനഫലം മെച്ചപ്പെടുത്തുന്നതിനുള്ള അവസരം സ്കൂളിന് നഷ്ടപ്പെട്ടു. ഇതു വളരെ നിർഭാഗ്യകരമാണെന്നും ആറളം ഫാം സ്കൂൾ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള അടിയന്തര ഇടപെടലിനായി സർക്കാരിലേക്ക് അറിയിക്കുമെന്നും അസി. കലക്ടർ  അറിയിച്ചു. മട്ടന്നൂർ മണ്ഡലം ജനകീയ സദസ്സ് 31ന്

മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 31 ന് രാവിലെ 10.30 ന് മട്ടന്നൂര്‍ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ സദസ്സ് നടത്തും.  ജനകീയ സദസ്സിലേക്ക് ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ബസ് ഓണേഴ്‌സ്  അസോസിയേഷന്‍ തുടങ്ങിയ എല്ലാവരും പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള റൂട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.

എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ

കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡിക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ : 503/2023) തസ്തികയിലേക്കുള്ള  തെരഞ്ഞെടുപ്പിനായുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ എം ആര്‍ പരീക്ഷ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആഗസ്റ്റ് മാസം 17 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി ഉച്ചയ്ക്ക് 1.30 ന് മുന്‍പായി തന്നെ അനുവദിക്കപ്പെട്ടിട്ടുള്ള പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.  വൈകി വരുന്നവരെ ഒരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല എന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് ക്ഷണിച്ചു

തപാല്‍ സ്റ്റാമ്പുകളിലെ  അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2024-25 സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും.  ആറാം ക്ലാസുമുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 ശതമാനം ഇളവ്)  നേടിയതും, സ്‌കൂള്‍ ഫിലാറ്റലിക് ക്ലബ് മെമ്പര്‍ അല്ലെങ്കില്‍ കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയില്‍ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.  ക്വിസ്, ഫിലാറ്റലി പ്രൊജക്റ്റ് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.  ആദ്യഘട്ട ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സൂപ്രണ്ട് ഓഫ്  പോസ്റ്റ് ഓഫീസി, കണ്ണൂര്‍ എന്ന മേല്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 4 നകം രജിസ്‌ട്രേര്‍ഡ് തപാല്‍ / സ്പീഡ് പോസ്റ്റില്‍ സമര്‍പ്പിക്കണം.  അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapost.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0497 2708125 : 0497 2701425

About The Author