യു.പി.ഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താൻ എൻസിപിഐ; പിൻ നമ്പറുകൾക്ക് പകരം ഇനി ബയോമെട്രിക് ഒതന്റിക്കേഷൻ

യു.പി.ഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനൊരുങ്ങി നാഷണൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ(എൻ.പി.സി.ഐ). നിലവിലുള്ള പിൻ നമ്പറുകളും ഒ.ടി.പിയും ഒഴിവാക്കും. ഓരോ തവണയും പണമിടപാട് നടത്തുമ്പോൾ പിൻ നമ്പർ നൽകുന്ന രീതി മാറ്റി പകരം മറ്റൊരു സംവിധാനം കൊണ്ടുവരും.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരമാണ് എൻ.സി.പി.ഐയുടെ പുതിയ നീക്കം. പിൻ നമ്പറോ പാസ് വേഡോ അല്ലാതെ ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. നിലവിൽ ഓരോ തവണയും പണമിടപാട് നടത്താൻ നാലോ അല്ലെങ്കിൽ ആറോ അക്കങ്ങൾ ഉള്ള പിൻ നൽകണം. ഈ സംവിധാനത്തിനു പകരം ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫെയ്‌സ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ പിൻ നൽകുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്.


ആദ്യഘട്ടത്തിൽ പിൻ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനം. യു.പി.ഐ ഇടപാടുകളിൽ സുരക്ഷ ഉറപ്പുവരുത്തുകയാണ് റിസർവ് ബാങ്കിന്റെയും എൻ.സി.പി.ഐയുടെയും ലക്ഷ്യം.

About The Author