അഴുക്കുചാലില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു; ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരണം ഒൻപതായി
ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഒൻപത് പേര് മരിച്ചു. മഴക്കെടുതിയില്‍ മരിച്ചവരില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടുന്നു. ഗാസിപുര്‍ മേഖലയിലെ തനൂജയും(22) മൂന്ന് വയസുള്ള മകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ അഴുക്കുചാലില്‍ തെന്നിവീഴുകയായിരുന്നു. ആറടി വീതിയില്‍ 15 അടി താഴ്ചയുള്ള നിര്‍മാണം നടക്കുന്ന ഓടയിലാണ് അമ്മയും കുഞ്ഞും വീണത്.
ഗുരുഗ്രാമില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈ ടെന്‍ഷന്‍ കമ്പിയില്‍ തട്ടി മൂന്ന് പേര് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ ദാദ്രി മേഖലയില്‍ മതില് ഇടിഞ്ഞുവീണ് രണ്ട് പേര് മരിച്ചു.കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതില്‍ എട്ട് വിമാനങ്ങള്‍ ജയ്പുരിലേക്കും രണ്ടെണ്ണം ലക്നോവിലേക്കും തിരിച്ചുവിട്ടു. മഴ ഗതാഗതത്തെ സാരമായി ബാധിച്ചു.
നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിലാണ്. 14 വര്‍ഷത്തിനിടെ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ മഴയാണ് ബുധനാഴ്ചയുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 108 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഈ മാസം അഞ്ചുവരെ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.